ജാക് വിൽഷെയർ ആഴ്‌സണലിലേക്ക് തിരിച്ചു വരുമോ?

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ആഴ്‌സണൽ ആരാധകരുടെ പ്രിയപ്പെട്ട താരമായ ജാക് വിൽഷെയർ ആഴ്‌സണൽ ഫുട്‌ബോൾ ക്ലബ്ബിലേക്ക് മടങ്ങി വരാനുള്ള വിദൂരമായ സാധ്യതകൾ നൽകി ആഴ്‌സണൽ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ. ജാക് വിൽഷെയറിന് ഒപ്പം 2011 മുതൽ 2016 വരെ ആഴ്‌സണലിൽ കളിച്ച ആർട്ടെറ്റ താരത്തിന് താൽപ്പര്യം ഉണ്ടെങ്കിൽ ആഴ്‌സണലിലേക്ക് തിരിച്ചു വരാം എന്ന് ദിവസങ്ങൾക്ക് മുമ്പ് ആണ് വ്യക്തമാക്കിയത്. വിൽഷെയർ നല്ലൊരു വ്യക്തിയാണ് എന്നു പറഞ്ഞ ആർട്ടെറ്റ ആഴ്‌സണൽ ആരാധകരുടെ എന്നത്തേയും പ്രിയപ്പെട്ട താരത്തിനായി ആഴ്‌സണൽ വാതിലുകൾ എന്നും തുറന്നിട്ടിരിക്കുക ആണെന്നും വ്യക്തമാക്കി. അതേസമയം ആർട്ടെറ്റയുടെ വാക്കുകളോട് നന്ദി പറഞ്ഞ വിൽഷെയർ തിരിച്ചു വരവ് തന്നെ സഹായിച്ചേക്കും എന്നും പറഞ്ഞു. 2007 മുതൽ ചെറിയ പ്രായത്തിൽ തൊട്ടു നീണ്ട 11 വർഷങ്ങൾ ആണ് വിൽഷെയർ ആഴ്‌സണലിന് ആയി ബൂട്ട് കെട്ടിയത്. മികച്ച പ്രതിഭയായി വാഴ്ത്തിയിട്ടും ഇടക്ക് അവിസ്മരണീയ പ്രകടനങ്ങൾ പുറത്ത് എടുത്തിട്ടും നിരന്തരം വേട്ടയാടിയ പരിക്കുകൾ താരത്തിന്റെ കരിയറിൽ വലിയ വെല്ലുവിളി ആയി. ചാമ്പ്യൻസ് ലീഗിൽ പ്രതാപകാലത്തെ ബാഴ്‌സലോണക്ക് എതിരെ വിൽഷെയർ പുറത്ത് എടുത്ത പ്രകടനം ആഴ്‌സണൽ ആരാധകർക്ക് വളരെ പ്രിയപ്പെട്ട ഒന്നാണ്.

വിൽഷെയർ ആഴ്‌സണലിനായി 211 കളികൾക്ക് ശേഷം ക്ലബ് വിട്ട വിൽഷെയറിന് തുടർന്നും പക്ഷെ വെസ്റ്റ് ഹാം, ബോർൺമൗത്ത് തുടങ്ങിയ ക്ലബുകളിൽ ഒന്നും ശോഭിക്കാൻ സാധിച്ചില്ല. നിലവിൽ ഫ്രീ ഏജന്റ് ആയ താരം ഈ അടുത്ത് തന്റെ മാനസിക ആരോഗ്യത്തിനെ കുറിച്ചും ഏതാണ്ട് വിഷാദത്തിലേക്ക് താൻ വീണു പോയതിനെക്കുറിച്ചും വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇതിനു ശേഷമാണ് താരത്തെ സഹായിക്കാൻ ക്ലബ് തയ്യാറാണ് എന്നു ആർട്ടെറ്റ വ്യക്തമാക്കുന്നത്. ക്ലബ് വിട്ടതിൽ ദുഃഖം ഉണ്ടെന്നു പറഞ്ഞ വിൽഷെയർ ക്ലബ്ബിലേക്കുള്ള തിരിച്ചു വരവ് തന്റെ ഫുട്‌ബോൾ കരിയർ തിരിച്ചു പിടിക്കാൻ സഹായിച്ചേക്കും എന്നും വ്യക്തമാക്കി. ഇതിനു ക്ലബ് പ്രതിനിധികളുമായി താൻ സംസാരിക്കും എന്നും താരം പറഞ്ഞു.ഇനിയും നല്ല ഫുട്‌ബോൾ വിൽഷെയർ എന്ന 29 കാരനിൽ അവശേഷിക്കുന്നില്ല എന്ന പൊതു ബോധത്തിന് അപ്പുറവും താരത്തെ ക്ലബ് തിരിച്ചു കൊണ്ടു വരണം എന്നു ആവശ്യപ്പെടുന്നവർ ആണ് ഭൂരിപക്ഷം ആഴ്‌സണൽ ആരാധകരും. തങ്ങളിൽ ഒരാൾ ആയി ആഴ്‌സണൽ ആരാധകർ കാണുന്ന വിൽഷെയർ താരം എന്നതിനെക്കാൾ കടുത്ത ആഴ്‌സണൽ ആരാധകൻ കൂടിയാണ്. കരിയർ തിരിച്ചു പിടിക്കാൻ ആവുക എന്ന നടക്കാൻ സാധ്യതയിലാത്ത മോഹത്തിന് അപ്പുറവും വിൽഷെയറിനെ ആഴ്‌സണൽ ജേഴ്സിയിൽ ഒരിക്കൽ എങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്നവർ ആണ് ആഴ്‌സണൽ ആരാധകർ. ആഴ്‌സണലിന്റെ പ്രിയപ്പെട്ട ജാക്ക് ക്ലബിൽ തിരിച്ചു വരുമോ എന്നു കാത്തിരുന്നു കാണാം.