കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ ഗോളുകൾ അടിച്ചു കൂട്ടിയ സ്പാനിഷ് സ്ട്രൈക്കർ ഇഗൊർ അംഗുളോയെ മുംബൈ സിറ്റി എഫ് സി സ്വന്തമാക്കി. താരം മുംബൈ സിറ്റിയിൽ ഒരു വർഷത്തെ കരാർ ഒപ്പുവെക്കും. ഇന്ന് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നു. മുംബൈ സിറ്റിയിൽ ചേരുന്നതിൽ സന്തോഷം ഉണ്ട് എന്നും ഐ എസ് എൽ കിരീടം നേടുക ആണ് തന്റെ ലക്ഷ്യം എന്നും 36കാരനായ സ്ട്രൈക്കർ പറഞ്ഞു.
എഫ് സി ഗോവയുടെ താരമായിരുന്ന അംഗുളോ കഴിഞ്ഞ സീസൺ അവസാനത്തോടെ ക്ലബ് വിട്ടിരുന്നു. ക്ലബ് വിട്ട ഒഗ്ബെചെക്ക് പകരക്കാരനായാകും മുംബൈ സിറ്റി അംഗുളോയെ കാണുന്നത്. അംഗുളോ കഴിഞ്ഞ സീസണിൽ ഗോവയ്ക്ക് വേണ്ടി 14 ഗോളുകൾ നേടിയിരുന്നു. പോളിഷ് ടീമായ ഗോർനിക് സാബ്രെസെയിൽ നിന്നായിരുന്നു താരം ഇന്ത്യയിലേക്ക് എത്തിയത്. ഇന്ത്യൻ സൂപ്പർ ലീഗ് ഇഷ്ടപ്പെട്ട ഇഗൊർ അംഗുളോ ഇവിടെ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. മുമ്പ് സ്പെയിൻ യൂത്ത് ടീമുകൾക്കായി താരം കളിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബായ അത്ലറ്റിക് ബിൽബാവോയിലൂടെ വളർന്ന താരമാണ്.