ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് നിരാശ നൽകി ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025-26 സീസൺ താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. നിലവിലെ മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റിന്റെ (MRA) കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ പുതിയ കരാർ സംബന്ധിച്ച വ്യക്തത ലഭിക്കുന്നതുവരെ ലീഗ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് ഐഎസ്എൽ ക്ലബ്ബുകളെയും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷനെയും (AIFF) അറിയിച്ചതായാണ് വിവരം.

നിലവിലുള്ള MRA ഈ വർഷം ഡിസംബറിൽ അവസാനിക്കും. പുതിയ കരാർ വ്യവസ്ഥകളെക്കുറിച്ച് വ്യക്തതയില്ലാത്തതാണ് ലീഗ് നിർത്തിവെക്കാൻ കാരണം. ഇത് ക്ലബ്ബുകൾക്ക് വലിയ ആശങ്കയാണ് നൽകിയിരിക്കുന്നത്. താരങ്ങളുടെ കൈമാറ്റം, പ്രീ-സീസൺ പരിശീലനം തുടങ്ങിയ കാര്യങ്ങളിൽ ഒരു തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് ക്ലബ്ബുകൾ.
AIFF കഴിഞ്ഞ മാസം പുറത്തിറക്കിയ 2025-26 ലെ മത്സര കലണ്ടറിൽ ഐഎസ്എല്ലിനെക്കുറിച്ച് പരാമർശിച്ചിരുന്നില്ല. ഇത് നേരത്തെ തന്നെ ലീഗിന്റെ ഭാവിയെക്കുറിച്ച് സംശയങ്ങൾ ഉയർത്തിയിരുന്നു. നിലവിൽ, AIFF-ഉം FSDL-ഉം (ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് – ഐഎസ്എൽ സംഘാടകർ) തമ്മിലുള്ള കരാർ പുതുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സുപ്രീം കോടതിയുടെ ഒരു ഉത്തരവും ഈ വിഷയത്തിൽ ഒരു അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്.
ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും ഉയർന്ന തലത്തിലുള്ള ലീഗായ ഐഎസ്എൽ, 2014-ൽ ആരംഭിച്ചത് മുതൽ രാജ്യത്തെ ഫുട്ബോളിന് വലിയ ഉണർവ് നൽകിയിരുന്നു. എന്നാൽ, പുതിയ സീസൺ നീട്ടിവെച്ചത് ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിക്ക് ഒരു ചോദ്യചിഹ്നമായിരിക്കുകയാണ്. വരും ദിവസങ്ങളിൽ AIFF-ഉം FSDL-ഉം തമ്മിലുള്ള ചർച്ചകളിൽ വ്യക്തത വരുമെന്ന് പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകം.