ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസണിൽ പങ്കെടുക്കാനുള്ള സമ്മതം 14 ക്ലബ്ബുകളും രേഖാമൂലം അറിയിച്ചതോടെ ഫെബ്രുവരി 14-ന് ടൂർണമെന്റ് ആരംഭിക്കുമെന്ന് ഉറപ്പായി. ജനുവരി 12-ന് ഉച്ചയ്ക്ക് മുൻപായി ഹോം ഗ്രൗണ്ടുകളുടെ വിവരങ്ങൾ കൈമാറാൻ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) നൽകിയ സമയപരിധി അവസാനിച്ചതോടെയാണ് എല്ലാ ക്ലബ്ബുകളുടെയും പങ്കാളിത്തം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ഇതോടെ മാസങ്ങളായി നീണ്ടുനിന്ന അനിശ്ചിതത്വത്തിന് വിരാമമായിരിക്കുകയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കേണ്ടതിനാൽ ഇത്തവണ 91 മത്സരങ്ങൾ മാത്രമുള്ള സിംഗിൾ ലഗ് ഫോർമാറ്റിലായിരിക്കും ടൂർണമെന്റ് നടക്കുക. ഓരോ ടീമും 13 മത്സരങ്ങൾ വീതം കളിക്കും. മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ഈസ്റ്റ് ബംഗാൾ, മുഹമ്മദൻ സ്പോർട്ടിംഗ് എന്നിവർ കൊൽക്കത്തയിലും, എഫ്.സി ഗോവ ഫറ്റോർഡയിലും, ജംഷദ്‌പൂർ ജെ.ആർ.ഡി ടാറ്റ സ്റ്റേഡിയത്തിലും ഹോം മത്സരങ്ങൾ കളിക്കും.
മറ്റ് പ്രധാന ക്ലബ്ബുകളായ കേരള ബ്ലാസ്റ്റേഴ്‌സ്, ബെംഗളൂരു എഫ്.സി, ചെന്നൈയിൻ എഫ്.സി എന്നിവരും തങ്ങളുടെ ഹോം ഗ്രൗണ്ടുകളിൽ കളിക്കാനുള്ള താല്പര്യം അറിയിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി ചില ക്ലബ്ബുകൾ എവേ മത്സരങ്ങൾക്ക് മുൻഗണന നൽകുന്നുണ്ട്.
ടൂർണമെന്റിന്റെ ഔദ്യോഗിക മത്സരക്രമവും സംപ്രേക്ഷണ പങ്കാളികളെയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. എ.ഐ.എഫ്.എഫ് നേരിട്ടായിരിക്കും ഇത്തവണ ലീഗ് നിയന്ത്രിക്കുക എന്ന പ്രത്യേകതയുമുണ്ട്.









