ബ്രസീൽ ടീമിന്റെ പരിശീലകനായി ടിറ്റെ തുടരും. 2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പ് വരെയാണ് ടിറ്റെയുടെ കാലാവധി ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ നീട്ടിയത്. റഷ്യയിൽ നടക്കുന്ന ലോകകപ്പിൽ ബ്രസീൽ ക്വാർട്ടറിൽ പുറത്തായെങ്കിലും യോഗ്യത മത്സരങ്ങളിൽ അടക്കം ബ്രസീൽ ടിറ്റെക്ക് കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ക്വാർട്ടറിൽ ബെൽജിയത്തോടാണ് ബ്രസീൽ പരാജയപ്പെട്ടത്. നെയ്മർ അടക്കം പല പ്രമുഖ താരങ്ങളും ടിറ്റെ ബ്രസീൽ പരിശീലകനായി തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മുൻ പരിശീലകൻ ദുംഗയിൽ നിന്ന് സ്ഥാനം ഏറ്റെടുത്ത ടിറ്റെ റഷ്യയിലേക്ക് ആദ്യം യോഗ്യത നേടുന്ന ടീമായി ബ്രസീലിനെ മാറ്റിയിരുന്നു. 2019ൽ ബ്രസീലിൽ തന്നെ വെച്ച് നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റ് ആണ് ടിറ്റെക്ക് മുൻപിലുള്ള പ്രധാന വെല്ലുവിളി. ടിറ്റെയുടെ കീഴിൽ ബ്രസീൽ 20 മത്സരങ്ങൾ ജയിക്കുകയും നാല് മത്സരങ്ങൾ സമനിലയാവുകയും രണ്ട് മത്സരങ്ങൾ തോൽക്കുകയും ചെയ്തിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial