ഇന്റർ കോണ്ടിനെന്റൽ കപ്പിന്റെ കിരീടപ്പോരാട്ടത്തിൽ ലെബനനെ നേരിടാൻ ഇന്ത്യ. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിന് ഞായറാഴ്ച്ച വൈകീട്ട് 7:30 ന് വിസിൽ മുഴങ്ങും. ഗ്രൂപ്പ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോൾ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ കടുത്ത പോരാട്ടമാണ് ഫൈനലിൽ പ്രതീക്ഷിക്കാവുന്നത്. ഗ്രൂപ്പിൽ രണ്ടു വിജയം അടക്കം ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് ഇടം പിടിച്ചതെങ്കിൽ ലെബനൻ രണ്ടാം സ്ഥാനത്തായിരുന്നു.
മുൻപ് ക്ലബ്ബ് കാലഘട്ടത്തിൽ സഹതാരങ്ങൾ ആയിരുന്നു ഇരു ടീമിന്റെ കോച്ചുമാരും എന്നതാണ് മത്സരത്തിന്റെ ഒരു പ്രത്യേകത. ഐഗോർ സ്റ്റിമാക്കിന്റെ ടീം സെലെക്ഷൻ മത്സരത്തിൽ നിർണായകമാവും. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളിൽ നിരവധി താരങ്ങളെ മാറി മാറി പരീക്ഷിച്ച കോച്ച്, തന്റെ ഏറ്റവും മികച്ച ഇലവനെ തന്നെ ഫൈനലിലേക്ക് കണ്ടെത്തിയിട്ടുണ്ടാവും. ലെബനനെതിരെ സമനിലയിൽ അവസാനിച്ച മത്സരത്തിൽ വിജയം തന്നെ നേടാനുള്ള അവസരം ഉണ്ടായിരുന്നത് കളഞ്ഞു കുളിച്ചത് കോച്ചിനെ ചിന്തിപ്പിക്കും. മത്സരത്തിൽ ഗോൾ നേടാൻ കഴിഞ്ഞില്ലെങ്കിലും തങ്ങൾ മികച്ച പ്രകടനം തന്നെയാണ് നടത്തിയതെന്ന് കോച്ച് അവകാശപ്പെട്ടു. ലെബനന്റെ കായിക കരുത്തിനെ നേരിടാൻ തങ്ങൾ സജ്ജരാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ഛേത്രി അടക്കം ഗോൾ നേടിക്കൊണ്ട് ടൂർണമെന്റിൽ ഫോമിലാണെന്ന് തെളിയിച്ചത് ടീമിന് ആശ്വാസമാണ്. ലെബനനെതിരെ ഗ്രൂപ്പ് ഘട്ടത്തിൽ തിളങ്ങിയ അനിരുദ്ധ് ഥാപ്പയുടെ സാന്നിധ്യം നിർണായകം ആവും. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും കളിച്ച സന്ദേഷ് ജിങ്കനിലും കോച്ച് വലിയ വിശ്വാസം അർപ്പിക്കുന്നുണ്ട്. പോസ്റ്റിന് കീഴിൽ ഗുർപ്രീതും മടങ്ങിയെത്തും.
ടൂർണമെന്റിലെ ടീമുകളിൽ ഏറ്റവും ഉയർന്ന ഫിഫ റാങ്കിങ് ഉള്ള രാജ്യമാണ് ലെബനൻ, 99. ഇതുവരെ മുഖാമുഖം വന്ന ഏഴു മത്സരങ്ങളിൽ ഒരേയൊരു തവണയാണ് ഇന്ത്യക്ക് ലെബനനെ കീഴടക്കാൻ സാധിച്ചത്. ഫൈനൽ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഇന്ത്യ തിരുത്താൻ കുറിക്കുന്നതും ഈ ചരിത്രമാണ്. ടൂർണമെന്റിന്റെ മൂന്നാം എഡിഷനിൽ ഒരിടവേളക്ക് ശേഷം വീണ്ടും കിരീടം സ്വന്തം ഷെൽഫിൽ എത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. പരിക്കേറ്റ ഇഷാൻ പണ്ഡിത ഇറങ്ങുമോ എന്നുറപ്പില്ല. ആഷിഖ് കുരുണിയനും ചെറിയ പരിക്ക് ഉള്ളതായി കോച്ച് വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചു. ടൂർണമെന്റിൽ ഇന്ത്യ ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ല.