ത്രില്ലറിൽ അത്ലറ്റികോ മാഡ്രിഡിന്റെ തോല്പിച്ച് പി.എസ്.ജി

ഒരു ഫുട്ബോൾ മത്സരത്തിന്റെ മുഴുവൻ ത്രില്ലും നിറഞ്ഞ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനെ തോൽപ്പിച്ച് പി.എസ്.ജി. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പി.എസ്.ജി വിജയം സ്വന്തമാക്കിയത്. ഒരു വേള അനായാസം പി.എസ്.ജി ജയിക്കുമെന്ന് കരുതിയ മത്സരത്തിൽ മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ അത്ലറ്റികോ മാഡ്രിഡ് സമനില പിടിക്കുകയായിരുന്നു. എന്നാൽ ഇഞ്ചുറി ടൈമിലെ ഗോളിലൂടെ വിജയം പി.എസ്.ജിയുടേതായി.

ലോകകപ്പ് കഴിഞ്ഞതിനു ശേഷം ആദ്യമായി ടീമിൽ ഇടം നേടിയ ഡി മരിയയെ മുൻനിർത്തിയാണ് പി.എസ്.ജി മത്സരം തുടങ്ങിയത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ അത്ലറ്റികോ മാഡ്രിഡ് ആധിപത്യം കാട്ടിയെങ്കിലും പതിയെ മത്സരത്തിലേക്ക് തിരിച്ചുവന്ന പി.എസ്.ജി എൻകുൻകുവിലൂടെ മുൻപിലെത്തി. കഴിഞ്ഞ മത്സരത്തിലും എൻകുൻകു പി.എസ്.ജിക്ക് വേണ്ടി ഗോൾ നേടിയിരിന്നു.  തുടർന്ന് മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഡിയാബിയിലൂടെ പി.എസ്.ജി രണ്ടാമത്തെ ഗോളും നേടി മത്സരത്തിൽ ആധിപത്യം ഉറപ്പിച്ചു.

അതിനു ശേഷം മത്സരം കണ്ടത് അത്ലറ്റികോയുടെ മികച്ച തിരിച്ചു വരവാണ്. 75ആം മിനുട്ടിൽ മോലെഹോയിലൂടെ ഒരു ഗോൾ തിരിച്ചടിച്ച അറ്റലറ്റിക്കോ മത്സരം അവസാനിക്കാൻ നാല് മിനിറ്റ് മാത്രം ബാക്കി നിൽക്കെ സെൽഫ് ഗോളിലൂടെ സമനിലയും പിടിച്ചു. പി.എസ്.ജി താരം ബെർനെഡെയാണ് സെൽഫ് ഗോൾ വഴങ്ങിയത്.  എന്നാൽ തോൽക്കാൻ ഒരുക്കമല്ലാത്ത പി.എസ്.ജി യുവതാരം പോസ്റ്റോലാച്ചിയുടെ മികച്ച ഗോളിൽ മത്സരത്തിൽ ജയം സ്വന്തമാക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial