സ്‌ക്രിനിയറെ വിടാതെ ഇന്റർ, പുതിയ കരാർ ചർച്ചകൾക്ക് ഉടൻ ആരംഭം കുറിക്കും

ഇന്റർ മിലാൻ തങ്ങളുടെ സ്ലോവാക്യൻ പ്രതിരോധ താരം സ്ക്രിനിയരിനെ നിലനിർത്താനുള്ള നീക്കങ്ങൾ പുനരാരംഭിക്കുന്നു. നിലവിലെ കരാറിന്റെ അവസാന വർഷത്തിലൂടെ കടന്ന് പോകുന്ന താരവുമായി ഇന്റർ ഉടൻ ചർച്ചകൾ ആരംഭിക്കുമെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ദീർഘകാല കരാറിനൊപ്പം ഉയർന്ന സാലറിയും ക്യാപ്റ്റൻ സ്ഥാനവും ടീം വാഗ്ദാനം ചെയ്‌തേക്കും. അതേ സമയം പ്രാരംഭ ചർച്ചകൾ കഴിഞ്ഞ ദിവസം നടന്നെന്നും കരാർ ചർച്ചകൾ അടുത്തു തന്നെ ആരംഭിക്കും എന്നും ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജൂണിൽ കരാർ അവസാനിക്കുന്നതിനാൽ ജനുവരിയിൽ മറ്റ് ടീമുകളുമായി ചർച്ചകൾ ആരംഭിക്കാൻ താരത്തിന് സാധിക്കും എന്നതിനാൽ ലോകകപ്പിന് മുന്നോടിയായി തന്നെ പുതിയ കരാറിൽ ധാരണയിൽ എത്താൻ ആണ് ഇന്റർ ശ്രമിക്കുന്നത്.

പിഎസ്ജിയും പ്രതിരോധ താരത്തിൽ കണ്ണ് വെച്ചിട്ടുള്ളതിനാൽ കാര്യങ്ങൾ പെട്ടെന്ന് നീക്കാൻ ആവും ഇന്ററിന്റെ ശ്രമം. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയുടെ ഓഫർ ഇന്റർ നിരസിച്ചിരുന്നു. എന്നാൽ പുതിയ കരാർ ഒപ്പിടാത്ത പക്ഷം ജനുവരിയിൽ താരവുമായി ചർച്ചകൾ ആരംഭിക്കാം എന്നായിരുന്നു പിഎസ്ജിയുടെ കണക്ക് കൂട്ടൽ.