ഇന്ത്യൻ ഫുട്ബോൾ അധികാരികളെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാച്. തന്നെ പുറത്താക്കിയതിനു ശേഷം സ്റ്റിമാച് ഇന്ന് മാധ്യമങ്ങളെ കാണും എന്ന് പറഞ്ഞിരുന്നു. ഒരു ദയയും ഇല്ലാത്ത വിമർശനങ്ങൾ ആണ് സ്റ്റിമാച് നടത്തിയത്. ഫുട്ബോൾ എന്താണെന്ന് അറിയാത്തവർ ആണ് ഇന്ത്യൻ ഫുട്ബോൾ നടത്തുന്നത് എന്നും അധികാരത്തിൽ മാത്രമാണ് ഇവർക്ക് ശ്രദ്ധ എന്നും സ്റ്റിമാച് പറഞ്ഞു.
എ ഐ എഫ് എഫ് പ്രസിഡന്റ് കല്യാൺ ചൗബെ തന്റെ പേര് നന്നാക്കാൻ സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ചെയ്യുന്നതിൽ മാത്രം ശ്രദ്ധിക്കുക ആണെന്നും അദ്ദേഹത്തിന് ഒരു അധികാര ശക്തിയും ഇല്ല എന്നും സ്റ്റിമാച് പറഞ്ഞു. ചൗബേ സ്ഥാനം ഒഴിഞ്ഞാൽ മാത്രമെ ഇന്ത്യൻ ഫുട്ബോളിന് എന്തെങ്കിലും സാധ്യത താൻ കാണുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഐ എം വിജയൻ നല്ല ഫുട്ബോളറും വ്യക്തിയുമാണ് എന്നാൽ വിജയൻ എ ഐ എഫ് എഫ് ടെക്നിക്കൽ കമ്മിറ്റി തലവനായി ഇരിക്കാൻ പറ്റിയ ആളല്ല എന്നും സ്റ്റിമാച് പറഞ്ഞു. ഐ എസ് എൽ ഇന്ത്യൻ ഫുട്ബോളിന് ഒരുപാട് ഗുണം ചെയ്തു എങ്കിലും അത് മെച്ചപ്പെടണം എങ്കിൽ ഐ എസ് എൽ നടത്തിപ്പ് ക്രിക്കറ്റുമായി ബന്ധപ്പെട്ടവരെ മാറ്റി ഫുട്ബോളിൽ ഉള്ളവരെ ഏൽപ്പിക്കണം എന്നും കോച്ച് പറഞ്ഞു.
ജി പി എസ് സംവിധാനങ്ങൾ വരെ ഇല്ലാതെയാണ് താനും ടീമും പ്രവർത്തിച്ചത് എന്നും ഐ എസ് എൽ മത്സരങ്ങൾ കാണാൻ പോവാത്തത് ഇന്ത്യൻ ഫുട്ബോളിന് ആ ചിലവ് തങ്ങാൻ ആവാത്തത് കൊണ്ടാണെന്നും സ്റ്റിമാച് പറഞ്ഞു.