താജിക്കിസ്ഥാനിലെ ഹിസോറിൽ നടക്കുന്ന CAFA നേഷൻസ് കപ്പ് 2025-ൽ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് ഒമാനെ നേരിടും. പരിശീലകൻ ഖാലിദ് ജമീലിന് കീഴിൽ ബ്ലൂ ടൈഗേഴ്സ് ഇതുവരെ മികച്ച പ്രകടനം ടൂർണമെന്റിൽ കാഴ്ചവെച്ചു. ടൂർണമെന്റിൽ ഒരു വിജയവും (താജിക്കിസ്ഥാനെതിരെ), ഒരു സമനിലയും (അഫ്ഗാനിസ്ഥാനെതിരെ), ഇറാനോടൊരു തോൽവിയും ആണ് ഇന്ത്യ നേടിയത്.
എങ്കിലും, ഒമാനെതിരെയുള്ള മത്സരം ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാകും. ഇന്ത്യയുടെ ഫിഫ റാങ്കിംഗ് 133 ആയിരിക്കുമ്പോൾ ഒമാൻ 79-ാം സ്ഥാനത്താണ്. മാത്രമല്ല, ഒമാൻ ഇതിന് മുൻപ് ഇന്ത്യയെ പത്ത് തവണ നേരിട്ടപ്പോൾ ഏഴ് മത്സരങ്ങളിൽ വിജയിക്കുകയും മൂന്നെണ്ണം സമനിലയിൽ കലാശിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഒമാനെതിരെ ഒരു വിജയം നേടാനുള്ള ഇന്ത്യയുടെ കാത്തിരിപ്പ് തുടരുകയാണ്. ഇറാനുമായുള്ള മത്സരത്തിൽ പരിക്ക് കാരണം പ്രതിരോധനിരയിലെ പ്രധാന താരം സന്ദേശ് ജിംഗൻ ഇല്ലാതെയാകും ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്.
നിർണ്ണായകമായ എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുൻപ് ആത്മവിശ്വാസം കെട്ടിപ്പടുക്കാനുള്ള അവസരം കൂടിയാണ് ഈ മത്സരം. ഇന്ന് വൈകിട്ട് 5.30 നടക്കുന്ന മത്സരം Fancode-ൽ തത്സമയം കാണാം.