ഹിസോർ (താജിക്കിസ്ഥാൻ): സിഎഎഫ്എ നേഷൻസ് കപ്പ് 2025-ൽ ഇന്ത്യയുടെ ഫുട്ബോൾ ടീം ഇന്ന് നിർണായക പോരാട്ടത്തിനിറങ്ങുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. പ്ലേഓഫ് യോഗ്യത ലക്ഷ്യമിട്ടാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.

ടൂർണമെന്റിൽ ഇന്ത്യ ഇതുവരെ ഒരു ജയവും ഒരു തോൽവിയും രേഖപ്പെടുത്തിയിട്ടുണ്ട് – താജിക്കിസ്ഥാനെ 2-1ന് തോൽപ്പിച്ചതിന് ശേഷം ഇറാനോട് 0-3ന് തോറ്റു. നിലവിൽ താജിക്കിസ്ഥാനൊപ്പം മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഇന്ത്യയുണ്ടെങ്കിലും നേർക്കുനേർ കണക്കിൽ മുന്നിട്ട് നിൽക്കുന്നു.
അഫ്ഗാനിസ്ഥാനെതിരായ ഒരു ജയം ഇന്ത്യക്ക് പ്ലേഓഫ് യോഗ്യത ഉറപ്പാക്കും, അല്ലാത്തപക്ഷം മറ്റ് മത്സരഫലങ്ങളെ ആശ്രയിക്കേണ്ടി വരും.
പ്രതിരോധ നിരയിലെ പ്രമുഖ താരമായ സന്ദേശ് ജിംഗൻ പരിക്കുകാരണം പുറത്തായതിനാൽ ഇന്ത്യക്ക് കാര്യങ്ങൾ എളുപ്പമാകില്ല.
റാങ്കിംഗിൽ ഇന്ത്യ 133-ാം സ്ഥാനത്തുള്ളപ്പോൾ അഫ്ഗാനിസ്ഥാൻ 161-ാം സ്ഥാനത്താണ്. മുൻകാലങ്ങളിൽ അഫ്ഗാനിസ്ഥാൻ ദുർബലരായിരുന്നുവെങ്കിലും കഴിഞ്ഞ വർഷം ഇന്ത്യയെ 2-1ന് അവർ തോൽപ്പിച്ചിരുന്നു.. ഹെഡ് ടു ഹെഡ് കണക്കിൽ (13 ജയം, 7 സമനില, 2 തോൽവി) ഇന്ത്യക്ക് വ്യക്തമായ മുൻതൂക്കമുണ്ടെങ്കിലും, പുതിയ ഇന്ത്യൻ ടീം എങ്ങനെ സമ്മർദ്ദം കൈകാര്യം ചെയ്യുമെന്നത് നിർണായകമാണ്.
മത്സര സമയവും തത്സമയ സംപ്രേക്ഷണ വിവരങ്ങളും
തിയ്യതി, സമയം: സെപ്തംബർ 4, 2025, വൈകുന്നേരം 5:30 IST
വേദി: ഹിസോർ സെൻട്രൽ സ്റ്റേഡിയം, ഹിസോർ, താജിക്കിസ്ഥാൻ
തത്സമയ സ്ട്രീമിംഗ്: ഫാൻകോഡ് ആപ്പിലും വെബ്സൈറ്റിലും .
ടിവി സംപ്രേക്ഷണം: ഇന്ത്യയിൽ ടിവിയിൽ ലഭ്യമല്ല.