20 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ അണ്ടർ 20 വനിതാ ഫുട്ബോൾ ടീം AFC അണ്ടർ 20 വനിതാ ഏഷ്യൻ കപ്പ് 2026-ന് യോഗ്യത നേടി ചരിത്രം കുറിച്ചു. യോഗ്യതാ റൗണ്ടിലെ നിർണായക മത്സരത്തിൽ ആതിഥേയരായ മ്യാൻമറിനെ 1-0 എന്ന സ്കോറിന് തോൽപ്പിച്ചാണ് ഇന്ത്യൻ യുവനിര ടൂർണമെന്റിൽ ഇടം ഉറപ്പിച്ചത്.

യാങ്കോണിലെ തുവുണ്ണ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 27-ാം മിനിറ്റിൽ പൂജ നേടിയ ഹെഡ്ഡറാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. തുർക്ക്മെനിസ്ഥാനെതിരായ ആദ്യ മത്സരത്തിൽ 7-0-ന് തകർപ്പൻ വിജയം നേടിയ ഇന്ത്യ, തുടർന്ന് ഇന്തോനേഷ്യയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു.
മ്യാൻമറുമായുള്ള അവസാന മത്സരത്തിൽ കനത്ത സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് ടീം ഈ നിർണായക വിജയം നേടിയതും ഗ്രൂപ്പ് ഡിയിൽ ഒന്നാം സ്ഥാനക്കാരായതും. സീനിയർ വനിതാ ടീമും AFC വനിതാ ഏഷ്യൻ കപ്പിന് യോഗ്യത നേടിയതിന് പിന്നാലെയാണ് അണ്ടർ 20 ടീമിന്റെ ഈ നേട്ടം. ഇത് ഇന്ത്യൻ വനിതാ ഫുട്ബോളിന്റെ വളർച്ചക്ക് ഒരു പുതിയ ദിശാബോധം നൽകുന്നു.
പരിശീലകൻ ജോക്കിം അലക്സാണ്ടർസന്റെ കീഴിൽ ക്യാപ്റ്റൻ ശുഭാംഗി സിംഗ്, പൂജ എന്നിവരുൾപ്പെടെയുള്ള താരങ്ങളുടെ മികച്ച പ്രകടനമാണ് ഈ നേട്ടത്തിന് പിന്നിൽ. അടുത്ത വർഷം തായ്‌ലൻഡിൽ നടക്കുന്ന പ്രധാന ടൂർണമെന്റിൽ രാജ്യത്തിന്റെ പ്രതീക്ഷകളുമായി ഈ യുവതാരങ്ങൾ ഏഷ്യൻ വേദിയിൽ വീണ്ടും കളത്തിലിറങ്ങും.