ഇന്ന് അവസാന പ്രതീക്ഷയുമായി ഇന്ത്യ ഒമാനെതിരെ

- Advertisement -

2022 ഫിഫാ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ മുന്നോട്ട് കടക്കണമെങ്കിൽ ഇന്നെങ്കിലും ഇന്ത്യക്ക് വിജയിക്കണം. ആദ്യ വിജയം തേടി ഇന്ത്യ ഇന്ന് ഒമാനെതിരെ ആണ് ഇറങ്ങുന്നത്. ഒമാനിൽ വെച്ചാണ് മത്സരം. ഇന്ത്യയിൽ വെച്ച് ഏറ്റുമുട്ടിയപ്പോൾ ഒമാൻ ഇന്ത്യയെ തോൽപ്പിച്ചിരുന്നു. പരാജയപ്പെട്ടു എങ്കിലും ഇന്ത്യ അന്ന് മികച്ച ഫുട്ബോൾ തന്നെ കളിച്ചിരുന്നു.

ഗ്രൂപ്പിലെ ഇന്ത്യയുടെ അഞ്ചാം മത്സരമാണ് ഇത്. നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് സമനിലയും ഒരു തോൽവിയുമായി 3 പോയിന്റ് ആണ് ഇന്ത്യക്ക് ഇപ്പോൾ ഉള്ളത്. ഇന്ന് വിജയിച്ചില്ല എങ്കിൽ യോഗ്യതാ റൗണ്ട് കടക്കാൻ ഇന്ത്യക്ക് ആകില്ല എന്ന് ഏതാണ്ട് ഉറപ്പാകും. ഒമാനെതിരെയും ഖത്തറിനെതിരെയും മികച്ച പ്രകടനങ്ങൾ നടത്തിക്കൊണ്ട് തുടങ്ങിയ ഇന്ത്യക്ക് പക്ഷെ അവസാന രണ്ടു മത്സരങ്ങളും നിരാശയായിരുന്നു നൽകിയത്. അഫ്ഗാനെതിരെ രണ്ടാം പകുതിയിൽ നടത്തിയ പ്രകടനം മാത്രമാണ് ആശ്വാസമായി ഉള്ളത്.

ഉമ്മ മരണപ്പെട്ടതിനാൽ കഴിഞ്ഞ മത്സരം കളിക്കാതിരുന്ന അനസ് ടീമിനൊപ്പം ചേർന്നിട്ടുണ്ട്. അനസ് ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. ഇന്ന് രാത്രി 8.30നാണ് മത്സരം നടക്കുക.

Advertisement