താജിക്കിസ്ഥാനിലെ ഹിസോറിൽ നടന്ന സിഎഎഫ്എ നേഷൻസ് കപ്പ് 2025-ൽ ഇന്ത്യൻ ഫുട്ബോൾ ടീം ഇറാനെതിരെ കടുത്ത പോരാട്ടത്തിനൊടുവിൽ 0-3ന് പരാജയപ്പെട്ടു. 59-ാം മിനിറ്റിൽ ഹൊസൈൻ കനാനിയുടെ ക്രോസിൽ നിന്ന് അമീർഹൊസൈൻ ഹൊസൈൻസാദെയാണ് ഇറാന്റെ ആദ്യ ഗോൾ നേടിയത്. 89-ാം മിനിറ്റിൽ ജഹാൻബക്ഷ് എടുത്ത ഷോട്ട് ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധു തടഞ്ഞെങ്കിലും റീബൗണ്ട് വന്ന പന്തിൽ നിന്ന് അലി അലിപൂർ ഇറാനു വേണ്ടി രണ്ടാം ഗോളും നേടി.
അവസാനം സൂപ്പർ സ്റ്റാർ മെഹ്ദി തരെമി കൂടെ ഗോൾ നേടിയതോടെ ഇറാന്റെ വിജയം പൂർത്തിയായി.
ടൂർണമെന്റിലും പുതിയ പരിശീലകനായ ഖാലിദ് ജാമിലിന് കീഴിലും ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. നേരത്തെ താജിക്കിസ്ഥാനെതിരെ വിജയിച്ചുകൊണ്ടാണ് ജാമിൽ പരിശീലക സ്ഥാനം ആരംഭിച്ചത്.
മത്സരത്തിലുടനീളം ഇന്ത്യ മികച്ച പോരാട്ട വീര്യം കാഴ്ചവെച്ചെങ്കിലും ലോക റാങ്കിംഗിൽ 20-ാം സ്ഥാനത്തുള്ള ഇറാൻ ഇന്ത്യൻ പ്രതിരോധത്തെ മറികടന്ന് വിജയം നേടുകയായിരുന്നു.