താജിക്കിസ്ഥാനിലെ ഹിസോറിൽ നടന്ന സിഎഎഫ്എ നേഷൻസ് കപ്പ് 2025-ൽ അഫ്ഗാനിസ്ഥാനെ ഗോൾരഹിത സമനിലയിൽ തളച്ച ഇന്ത്യൻ ഫുട്ബോൾ ടീം പ്ലേഓഫ് റൗണ്ടിലേക്ക് കടന്നു. മത്സരത്തിൽ ഇന്ത്യയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെങ്കിലും, നേരത്തെ താജിക്കിസ്ഥാനെ തോൽപ്പിച്ചതിലൂടെ ഇന്ത്യ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ഒമാനോ ഉസ്ബെക്കിസ്ഥാനോ ആകും ഇന്ത്യയുടെ എതിരാളികൾ.

മത്സരത്തിൽ ഇന്ത്യക്ക് മികച്ച മുന്നേറ്റങ്ങൾ നടത്താൻ സാധിച്ചില്ല. ഗുർപ്രീത് സിംഗ് സന്ധുവിന്റെ മികച്ച സേവുകളാണ് ഇന്ത്യക്ക് തുണയായത്. യാമാ ഷെർസാദിന്റെ ഷോട്ട് തട്ടിയകറ്റിയത് അതിൽ എടുത്തുപറയേണ്ട ഒന്നാണ്. ഖാലിദ് ജമീലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും മുന്നേറ്റ നിരക്ക് കളം നിറഞ്ഞ് കളിക്കാൻ സാധിച്ചില്ല. എങ്കിലും ഈ ടൂർണമെന്റിൽ ഒരു അവസരം കൂടെ ഇന്ത്യക്ക് ലഭിക്കും. സെപ്റ്റംബർ 8നാകും ഇന്ത്യയുടെ അടുത്ത മത്സരം.