സ്പാനിഷ് ഫോർവേഡ് ഐക്കർ ഗ്വറോച്ചെന 2025-26 സീസൺ അവസാനം വരെ ക്ലബ്ബിൽ തുടരും. എഫ്.സി. ഗോവയുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടിയതായി ക്ലബ്ബ് സ്ഥിരീകരിച്ചു. കഴിഞ്ഞ സീസണിൽ 14 ഗോൾ സംഭാവനകളുമായി എഫ്.സി. ഗോവക്കായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

2022-23 സീസണിൽ ക്ലബ്ബിൽ എത്തിയതുമുതൽ ഗ്വാറോച്ചെന ആരാധകരുടെ പ്രിയങ്കരനായി മാറി. അരങ്ങേറ്റ സീസണിൽ 13 ഗോളുകളുമായി ക്ലബ്ബിന്റെ ടോപ് സ്കോറർ ആയിരുന്നു അദ്ദേഹം. കളിക്കളത്തിലെ അദ്ദേഹത്തിന്റെ സ്ഥിരത അദ്ദേഹത്തെ ഒഴിച്ചുകൂടാനാവാത്ത താരമാക്കി മാറ്റി.
ഈ വർഷം നടന്ന കലിംഗ സൂപ്പർ കപ്പിൽ എഫ്.സി. ഗോവയുടെ മുന്നേറ്റത്തിൽ ഗ്വറോച്ചെന നിർണായക പങ്ക് വഹിച്ചു. ടൂർണമെന്റിൽ ടീമിനെ ക്വാർട്ടർ ഫൈനലിലേക്കും പിന്നീട് കിരീടത്തിലേക്കും നയിച്ച ഒരു ഹാട്രിക്ക് അദ്ദേഹം നേടി. സഹതാരം ബോർജ ഹെരേരയ്‌ക്കൊപ്പം ടൂർണമെന്റിലെ ടോപ് സ്കോറർ പട്ടം പങ്കിട്ട അദ്ദേഹം, എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2-ൽ ക്ലബ്ബിന് സ്ഥാനം ഉറപ്പാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.