ഇന്ത്യൻ ഫുട്ബോൾ ടീം ഇന്ന് അവരുടെ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങളിലെ നിർണായക മത്സരങ്ങളിൽ ഒന്നിൽ ഖത്തറിനെ നേരിടും. ഇന്ത്യയുടെ ഹോം മത്സരമായി നടക്കേണ്ടിയിരുന്ന ഫിക്സ്ചർ കൊറോണ കാരണം ഖത്തറിൽ വെച്ചാണ് നടത്തുന്നത്. മികച്ച ഫോമിൽ ഉള്ള ഖത്തറിനെ ഒരിക്കൽ കൂടെ തടയാൻ ഇന്ത്യക്ക് ആകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ഖത്തർ ഇപ്പോൾ ഗ്രൂപ്പിൽ 16 പോയിന്റുമായി ഒന്നാമത് നിൽക്കുകയാണ്. ഇന്ത്യക്ക് എതിരായ മത്സരം ഒഴികെ ബാക്കി എല്ലാം ഖത്തർ വിജയിച്ചിരുന്നു. ഒരിക്കൽ കൂടെ ഖത്തറിനെ തടയാൻ ആകും എന്ന് തന്നെയാണ് സ്റ്റിമാചും സംഘവും വിശ്വസിക്കുന്നത്. ഗ്രൂപ്പിൽ ഇതുവരെ ഒരു വിജയം പോലും ഇല്ലാത്ത ഇന്ത്യ ഇപ്പോൾ 3 പോയിന്റുമായി നാലാം സ്ഥാനത്ത് നിൽക്കുകയാണ്. ലോകകപ്പ് യോഗ്യത പ്രതീക്ഷ അവസാനിച്ച ഇന്ത്യ ഇപ്പോൾ ഏഷ്യൻ കപ്പ് യോഗ്യതക്കാണ് ശ്രദ്ധ കൊടുക്കുന്നത്. ഖത്തറുമായുള്ള മത്സരം കഴിഞ്ഞാൽ ബംഗ്ലാദേശും അഫ്ഗാനും ആണ് ഇന്ത്യക്ക് എതിരായി കളിക്കാൻ ബാക്കിയുള്ളത്. ആ മത്സരങ്ങൾ വിജയിക്കുക ആകും ഇന്ത്യയുടെ ശരിക്കുള്ള ലക്ഷ്യം.
ഇന്ന് സുനിൽ ഛേത്രി ഇന്ത്യയെ നയിക്കും. ശക്തമായ ടീമിനെ തന്നെ ഇന്ത്യ അണിനിരത്തും. മലയാളി താരം ആശിഖ് കുരുണിയനും സഹലിനും അവസരം ലഭിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. പരിക്കേറ്റ റൗളിംഗ് ബോർജസ് ഇന്ന് ഉണ്ടായേക്കില്ല. ഇന്ന് രാത്രി 10.30നാണ് കിക്കോഫ്. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും ജിയോ ടിവിയിലും കാണാം.