കോഴിക്കോട്: ഐച്ച്.ആർ.ഡി.കോളേജ് ഓഫ് അപ്ലയ്ഡ് സയൻസ് ആന്വൽ സ്പോർട്സ് & ഗെയിംസ് 2018-2019 വിദ്യാർത്ഥി പങ്കാളിത്വം കൊണ്ടും ഉദ്ഘാടന ചടങ്ങിലും സമ്മാനദാന ചടങ്ങിലുമുണ്ടായ രണ്ട് രാജ്യാന്തര കായിക താരങ്ങളുടെ സാന്നിദ്ധ്യം കൊണ്ടും ഏറെ ശ്രദ്ധേയമായി. കായിക മേളയുടെ പ്രധാന ഇനമായി കോഴിക്കോട് ഈസ്റ്റ്ഹിൽ ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് മൈതാനത്ത് ജനുവരി പതിനാലിന് നടത്തപ്പെട്ട അത്ലറ്റിക് മീറ്റിന്റെ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചതും മേളയുടെ ഔപചാരിക ഉദ്ഘാടന കർമ്മം നിർവഹിച്ചതും ഇന്റർ നാഷണൽ പാരാലിംമ്പിക് വോളിബോൾ താരവും ഇന്റർ നാഷണൽ ആംപ്യൂട്ടി ഫുട്ബോൾ താരവുമായ എസ്.ആർ വൈശാഖായിരുന്നു.
തുടർന്ന് കഴിഞ്ഞ പത്തൊമ്പതിന് കോട്ടൂളി സോക്കർ സിറ്റി ടർഫ് ഗ്രൗണ്ടിൽ മേളയുടെ ഭാഗമായ ഫുട്ബോളും അരങ്ങേറി.
കഴിഞ്ഞ ദിവസം കോളേജ് ആർട്സ് ഫെസ്റ്റിനോടനുബന്ധിച്ച് ഈ അധ്യയന വർഷത്തെ കായിക മേളയിലെ വിജയികൾക്കുള്ള സമ്മാന വിതരണോദ്ഘാടനം പ്രശസ്ത സിനിമാ താരവും മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും അർജ്ജുന അവാർഡ് ജേതാവുമായ ഐ.എം.വിജയനും നിർവ്വഹിച്ചു.
രണ്ട് പ്രമുഖ രാജ്യാന്തര കായിക താരങ്ങൾ വിശിഷ്ടാതിഥികളായി പങ്കെടുത്ത കോഴിക്കോട് ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലയ്ഡ് സയൻസിന്റെ 2018-2019 അധ്യയന വർഷത്തെ കായിക മേളയുടെ ഉദ്ഘാടനച്ചടങ്ങിനും – സമ്മാന ദാന ചടങ്ങിനും കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എ.സുമിത, പി.ടി.എ ഭാരവാഹികൾ പ്രൊഫസർമാരായ ഷീബ ജോസ്, പി.കെ.ബിജു, പി.കെ സഹാന, സിജി, കോളേജ് യൂണിയൻ ചെയർമാൻ ഡിഗ്ന ഡാർവിൻ, ജനറൽ സെക്രട്ടറി അനന്ദു, ജനറൽ ക്യാപ്റ്റൻ അമൽദാസ് തുടങ്ങിയവർ നേതൃത്വം നൽകി.