ഇന്ത്യയിലെ ഏറ്റവും മികച്ച ടൂർണമെന്റുകളിൽ ഒന്നായ ഐ എഫ് എ ഷീൽഡിൽ പങ്കെടുക്കുന്നതിനായി കേരള ക്ലബായ ഗോകുലം കേരള നാളെ കൊൽക്കത്തയിലേക്ക് തിരിക്കും. ഇന്ന് ഗോകുലം കേരള അവരുടെ അവസാന പ്രീസീസൺ പരിശീലനം പൂർത്തിയാക്കി. ഗോകുലം ടീമിനെ ഘാന ഡിഫൻഡർ അവാൽ മുഹമ്മദ് ആകും നയിക്കുക. മലയാളി താരം ഉബൈദ് സി കെയെ വൈസ് ക്യാപ്റ്റനായും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പരിശീലകൻ വിൻസെൻസോ ആൽബെർടയ്ക്ക് കീഴിൽ ഗോകുലം കേരള ഇറങ്ങുന്ന ആദ്യ ടൂർണമെന്റ് ആകും ഇത്. ഡിസംബർ ആറിനാണാ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഡിസംബർ 20ന് ഫൈനൽ നടക്കും. ഗോകുലം കേരള എഫ് സി ഡിസംബർ ആറിന് നടക്കുന്ന ആദ്യ മത്സരത്തിൽ യുണൈറ്റഡ് സ്പോർട്സ് ക്ലബിനെ നേരിടും. യുണൈറ്റഡ് സ്പോർസും, ബി എസ് എസ് സ്പോർടിംഗ് ക്ലബുമാണ് ഗോകുലം കേരളയുടെ ഗ്രൂപ്പിൽ ഉള്ളത്.
12 ക്ലബുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. നാല് ഐലീഗ് ക്ലബുകൾ ഉണ്ട്. ഗോകുലം കേരള, സുദേവ, മൊഹമ്മദൻസ്, ഇന്ത്യൻ ആരോസ് എന്നിവരാണ് ഐലീഗ് ക്ലബുകൾ. ബാക്കി ക്ലബുകൾ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്നാണ്. നാലു ഗ്രൂപ്പുകളിൽ ആയാകും പോരാട്ടം നടക്കുക. കൊൽക്കത്തയിൽ വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്.