സ്വീഡനിൽ തന്റെ പ്രതിമ സ്വയം അനാച്ഛാദനം ചെയ്ത് സ്വീഡീഷ് ഫുട്ബോൾ ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്. തന്റെ ജന്മദേശവും ആദ്യ ക്ലബുമായ മാൽമോ സ്റ്റേഡിയത്തിന് പുറത്താണ് ഇബ്രാഹിമോവിച്ചിന്റെ പ്രതിമ അനാച്ഛാദനം ചെയ്തത്. വെങ്കലത്തിൽ കൊത്തിയെടുത്ത പ്രതിമ ഇബ്രാഹിമോവിച്ചിനെ ആദരിക്കുന്നതിന്റെ ഭാഗമായി സ്വീഡിഷ് ഫുട്ബോൾ അസോസിയേഷൻ തന്നെയാണ് നിർമിച്ചത്. 20 വർഷം മുൻപ് മാൽമോയിലൂടെയാണ് ഇബ്രാഹിമോവിച്ച് തന്റെ പ്രൊഫഷണൽ ഫുട്ബോൾ ജീവിതം ആരംഭിക്കുന്നത്.
താരത്തിന്റെ ഗോൾ ആഘോഷത്തെ കാണിക്കുന്ന താരത്തിലുള്ള പ്രതിമയിൽ താരം ജേഴ്സി അണിഞ്ഞിട്ടില്ല. സ്വീഡിഷ് കലാകാരൻ പീറ്റർ ലിൻഡെയാണ് പ്രതിമയുടെ ശില്പി. 9 അടിയോളം ഉയരമുള്ള പ്രതിമ നാല് വർഷത്തോളം സമയം എടുത്താണ് നിർമിച്ചിരിക്കുന്നത്. നിലവിൽ മേജർ സോക്കർ ലീഗിൽ ലാ ഗാലക്സിയുടെ താരമാണ് ഇബ്രാഹിമോവിച്ച്.