താഹിർ സമാന്റെ ഇരട്ട ഗോൾ!!! ഗോകുലം കേരള കിരീടത്തിന് തൊട്ടടുത്ത്

Newsroom

ഗോകുലം കേരള അവരുടെ ഐ ലീഗ് കിരീടം നിലനിർത്തുന്നതിന് തൊട്ടടുത്ത്. ഇന്ന് നെരോകയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ഗോകുലത്തിന് കിരീടം കയ്യെത്തും ദൂരത്തിൽ എത്തിയത്‌. ഇന്ന് മലയാളി താരം സമാന്റെ ഇരട്ട ഗോളുകളാണ് ഗോകുലത്തിന് വിജയം എളുപ്പമാക്കി കൊടുത്തത്. മത്സരത്തിന്റെ ഇരുപതാം മിനുട്ടിൽ ആയിരിന്നു താഹിർ സമാന്റെ ആദ്യ ഗോൾ. ആദ്യ പകുതു ഗോകുലം ഈ ഗോളിന്റെ ബലത്തിൽ 1-0ന് അവസാനിപ്പിച്ചു.
20220503 211809
രണ്ടാം പകുതിയിൽ ഗോകുലം കൂടുതൽ ആക്രമണങ്ങൾ നടത്തി. അവർ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് ഇരട്ടിയാക്കി. ഫ്ലച്ചറിന്റെ ക്രോസിൽ നിന്ന് ഒരു ടാപിന്നിലൂടെ ആയിരുന്നു സമാന്റെ രണ്ടാം ഗോൾ. ഇതിനു പിന്നാലെ ഫ്ലച്ചറിലൂടെ ഗോകുലം മൂന്നാം ഗോളും നേടി. നെരോകയുടെ പിഴവ് മുതലെടുത്തായിരുന്നു ഫ്ലച്ചറിന്റെ ഗോൾ. കളിയുടെ അവസാനം ശ്രീകുട്ടൻ കൂടെ ഗോൾ നേടിയതോടെ ഗോകുലം വിജയം ഉറപ്പിച്ചു

ഈ വിജയത്തോടെ ഗോകുലത്തിന് 15 മത്സരങ്ങളിൽ നിന്ന് 37 പോയിന്റായി. ഇനി 4 പോയിന്റ് കൂടെ മതിയാകും ഗോകുലത്തിന് കിരീട പോയിന്റിൽ എത്താൻ‌. 15 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുള്ള മുഹമ്മദൻസിന് എല്ലാ മത്സരം ജയിച്ചാലും 40 പോയിന്റ് മാത്രമെ ആവുകയുള്ളൂ.