രാവണൻ ധർമ്മരാജ് ഇനി ഗോകുലം കേരള എഫ് സിയിൽ

തമിഴ്നാട് സ്വദേശിയായ ഡിഫൻഡർ രാവണൻ ധർമ്മരാജിനെ ഗോകുലം കേരള എഫ് സി സ്വന്തമാക്കി. കരിയറിൽ ഉടനീളം മികച്ച പ്രകടനം നടത്തിയിട്ടുള്ള താരത്തെ ഒരു വർഷത്തെ കരാറിലാണ് ഗോകുലം സ്വന്തമാക്കിയത്. ഗോകുലത്തിന്റെ ഡിഫൻസ് ശക്തമാക്കാൻ രാവണന്റെ വരവ് സഹായിക്കും. ഇന്ത്യയിലെ ഒരു വിധം എല്ലാ ടൂർണമെന്റുകളും വിജയിച്ചിട്ടുള്ള താരമാണ് രാവണൻ.

മുമ്പ് ചർച്ചിൽ ബ്രദേഴ്സിൽ കളിക്കുമ്പോൾ ഡ്യൂറണ്ട് കപ്പ്, ഐലീഗ്, ഫെഡറേഷൻ കപ്പ്, ഐ എഫ് എ ഷീൽഡ് എന്നിവയെല്ലാം രാവണൻ സ്വന്തമാക്കിയിട്ടുണ്ട്. മഹീന്ദ്ര യുണൈറ്റഡിൽ കളിക്കുമ്പോഴും താരം ഡ്യൂറണ്ട് കപ്പ് വിജയിച്ചിരുന്നു. ചർച്ചിൽ, മഹീന്ദ്ര യുണൈറ്റഡ് എന്നീ ക്ലബുകൾക്ക് ഒപ്പം മോഹൻ ബഗാൻ, ഡെംബോ, റിയൽ കാശ്മീർ, ചെന്നൈ സിറ്റി, ഭാരത് എഫ് സി എന്നീ ക്ലബുകൾക്കെല്ലാം വേണ്ടിയും ധർമ്മരാജ് കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ പൂനെ സിറ്റിയുടെ ജേഴ്സിയും മുമ്പ് താരം അണിഞ്ഞിട്ടുണ്ട്.