ചെന്നൈക്ക് തിരിച്ചടി; മൂന്നു ഗോളിന് പിന്നിട്ടു നിന്ന ശേഷം നെരോകയുടെ ഗംഭീരം തിരിച്ചു വരവ്

ഐലീഗിൽ പോയിന്റ് ടേബിളിൽ ഒന്നാമത് നിൽക്കുന്ന ചെന്നൈ സിറ്റി എഫ്‌സിക്ക് തിരിച്ചടി. ലീഗിലെ അഞ്ചാം സ്ഥാനക്കാരായ നെരൊകയോട് സമനില വഴങ്ങുകയായിരുന്നു ചെന്നൈ ടീം. ആദ്യ പകുതിയിൽ മൂന്നു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് നെരൊക സമനില പിടിച്ചത്. നെരൊകയോട് സമനില വഴങ്ങിയത് ചെന്നൈ സിറ്റി എഫ്‌സിക്ക് ഐലീഗ് കിരീട പോരാട്ടത്തിൽ വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്.

പെഡ്രോ മൻസി നേടിയ ഹാട്രിക് ആണ് ചെന്നൈ സിറ്റി എഫ്‌സിയെ ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളിന് മുന്നിൽ എത്തിച്ചത്. മത്സരം തുടങ്ങി 35ആം മിനിറ്റിൽ ആണ് മൻസി ആദ്യ ഗോൾ നേടിയത്. തുടർന്ന് 42ആം മിനിറ്റിൽ രണ്ടാം ഗോളും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ തന്റെ മൂന്നാം ഗോളും നേടി മൻസി ചെന്നൈ സിറ്റിയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.

മത്സരം കൈവിട്ടു പോയി എന്ന സ്ഥിതിയിൽ നിന്നാണ് നോർത്തീസ്റ്റ് ടീം മത്സരത്തിലേക്ക് തിരികെ വന്നത്. സബ്‌ ആയി ഇറങ്ങിയ ഓഡിലീയുടെ വക 52ആം മിനിറ്റിൽ ആദ്യ ഗോൾ. ഭൂട്ടാൻ താരം ചെഞ്ചോയുടെ വകയായിരുന്നു 67ആം മിനിറ്റിലെ രണ്ടാം ഗോൾ. തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് ചെഞ്ചോ ഗോൾ നേടുന്നത്. തോൽക്കാൻ മനസില്ലാതെ പോരാടിയ നെരോക 87ആം മിനിറ്റിൽ അർഹിച്ച സമനില ഗോളും സ്വന്തമാക്കി. വില്യംസൻ ആണ് സമനില ഗോൾ കണ്ടെത്തിയത്. സ്‌കോർ 3-3.

ഇന്ന് സമനില വഴങ്ങിയതോടെ ചെന്നൈ സിറ്റിക്ക് 16 മത്സരങ്ങളിൽ നിന്നും 34 പോയിന്റായി. 32 പോയിന്റുള്ള റിയൽ കശ്മീർ ആണ് രണ്ടാമത്തുള്ളത്. ലീഗിൽ ഇനി നാലു മത്സരങ്ങൾ ആണ് ചെന്നൈക്ക് ബാക്കിയുള്ളത്.