ഐസോളിനൊപ്പം അത്ഭുതങ്ങൾ കാണിച്ച പരിശീലകൻ ഖാലിദ് ജമീൽ വീണ്ടും ഐലീഗിലേക്ക് തിരിച്ചെത്തുന്നു. മോഹൻ ബഗാന്റെ പരിശീലകനായാണ് ഖാലിദ് ജമീൽ ചുമതലയേറ്റിരിക്കുന്നത്. ഇന്നലെ ബഗാൻ പരിശീലകൻ ശങ്കർലാൽ ചക്രബർത്തി പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം റിയൽ കാശ്മീരിനോട് ഏറ്റ പരാജയമായിരുന്നു ശങ്കർലാൽ സ്ഥാനം ഒഴിയാനുള്ള കാരണം.
കഴിഞ്ഞ സീസണിൽ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായിരുന്നു ജമീൽ. ഈസ്റ്റ് ബംഗാളിനൊപ്പം കൊൽക്കത്ത ഫുട്ബോൾ ലീഗ് കിരീടം നേടിയെങ്കിലും ഐ ലീഗ് കിരീടം നേടാൻ ജമീലിന് കഴിയാത്തതിനാൽ പുറത്താക്കപ്പെടുകയായിരുന്നു. ആ ഈസ്റ്റ് ബംഗാളിനോട് വൈരികളുടെ പരിശീലകനായി എത്തി പക ചോദിക്കൽ കൂടെ ആകും ഖാലിദ് ജമീലിന്റെ ലക്ഷ്യം.
കഴിഞ്ഞ കുറച്ച് മാസങ്ങളായി മഹാരാഷ്ട്രയിലെ എലൈറ്റ് ഫുട്ബോൾ സ്കൂൾ കല്യാണിന്റെ അക്കാദമിയെ പരിശീലിപ്പിക്കുക ആയിരുന്നു ജമീൽ. നേരത്തെ കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻസിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാൻ ഖാലിദ് ജമീൽ തീരുമാനിച്ചിരുന്നത് ആണെങ്കിലും ആ ചർച്ച അന്തിമഘട്ടത്തിൽ പരാജയപ്പെടുകയായിരുന്നു.
2016-17 സീസണിൽ ഐസോളിനെ ഐലീഗ് ചാമ്പ്യന്മാരാക്കി ഇന്ത്യൻ ഫുട്ബോളിനെ തന്നെ ഖാലിദ് ജമീൽ ഞെട്ടിച്ചിരുന്നു. മുമ്പ് മുംബൈ എഫ് സിയേയും ജമീൽ പരിശീലിപ്പിച്ചിട്ടുണ്ട്.