ജൂനിയർ ലീഗ്; മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി

അണ്ടർ 15 ദേശീയ ലീഗായ ജൂനിയർ ലീഗിന്റെ ഫൈനൽ റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പരാജയം. മികച്ച ഫോമിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ ഇന്ന് കൊൽക്കത്തൻ ക്ലബായ മോഹൻ ബഗാൻ ആണ് പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ബിയിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് മോഹൻ ബഗാൻ സ്വന്തമാക്കിയത്‌. 9ആം മിനുട്ടിൽ ആകാശും, 39ആം മിനുട്ടിൽ ഫൈസാനും നേടിയ ഗോളുകളിൽ ആദ്യ പകുതിയിൽ തന്നെ ബഗാൻ രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.

രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് പൊരുതി എങ്കിലും അവസാന നിമിഷം ഒരു ഗോൾ മടക്കാൻ മാത്രമേ ബ്ലാസ്റ്റേഴ്സിനായുള്ളൂ. സുഖാം മീതെ ആണ് കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ഈ വിജയത്തോടെ 6 പോയന്റുമായി മോഹൻ ബഗാൻ ഗ്രൂപ്പിൽ ഒന്നാമത് എത്തി. 3 പോയന്റുള്ള കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമതാണ്. ഇനി ഒരു മത്സരം മാത്രമേ ശേഷിക്കുന്നുള്ളൂ. റിലയൻസ് യൂത്ത് ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരത്തിലെ എതിരാളികൾ.