അവസാനം ഗോകുലം കേരള എഫ് സി അന്റോണിയോ ജർമ്മന് പകരക്കാരനെ കണ്ടെത്തി. നൈജീരിയൻ സ്ട്രൈക്കറായ ജോയൽ സണ്ടെ ആണ് ഗോകുലം കേരള എഫ് സിയുമായി കരാറിൽ എത്തിയിരിക്കുന്നത്. കൊൽക്കത്ത ഫുട്ബോൾ ലീഗ് ക്ലബായ റെയിൻബോയുടെ താരമായിരുന്നു ജോയൽ സണ്ടെ. ലോണടിസ്ഥാനത്തിൽ ആണ് സണ്ടെ ഗോകുകത്തിൽ എത്തുന്നത്.
ഐലീഗിൽ സണ്ടെയുടെ മൂന്നാമത്തെ ക്ലബാകും ഗോകുലം കേരള എഫ് സി. മുമ്പ് മിനേർവ പഞ്ചാബിനായും ഐസാളിനായും സണ്ടെ കളിച്ചിട്ടുണ്ട്. ഐസാളിന്റെ ആദ്യ ഐലീഗ് സീസണിൽ സണ്ടെ ആയിരുന്നു ഐസാളിന്റെ ടോപ്പ് സ്കോറർ. എന്നാൽ ആ സീസണ് ശേഷം സണ്ടെ ഫോമിൽ ആയിട്ടില്ല. മിനേർവയിൽ ഫോം കണ്ടെത്താൻ ആവാത്ത സണ്ടെ മിനേർവ വിട്ട് കൊൽക്കത്ത ക്ലബുകളിലേക്ക് പോവുകയായിരുന്നു.
റെയിൻബോയിൽ കളിക്കുന്നതിന് മുമ്പ് കൊൽക്കത്ത ക്ലബായ പതചക്രയ്ക്കായും സണ്ടെ കളിച്ചിട്ടുണ്ട്. നാളെ റിയൽ കാശ്മീരിനെതിരെ സണ്ടെ കളിക്കും എന്ന് ബിനോ ജോർജ്ജ് സൂചന നൽകിയിരുന്നു.