അടുത്ത ഐലീഗ് സീസണിലേക്ക് വിപ്ലവകരമായ തീരുമാനം പ്രഖ്യാപിച്ച് പഞ്ചാബ് ക്ലബായ മിനേർവ പഞ്ചാബ്. ഇനി വരുന്ന സീസൺ മുതൽ ഐ ലീഗിൽ അണ്ടർ 23 ടീമിനെ മാത്രമെ അണിനിരത്തുകയുള്ളൂ എന്നാണ് മിനേർവ പഞ്ചാബ് ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സീനിയർ താരങ്ങൾ ഇനി ഐലീഗ് സ്ക്വാഡിന്റെ ഭാഗമാകില്ല.
ഐലീഗിൽ മാത്രമായിരിക്കും ഈ തീരുമാനം. സൂപ്പർ കപ്പ്, എ എഫ് സി കപ്പ് എന്നിവയ്ക്കൊക്കെ 23നു മുകളിലുള്ള താരങ്ങൾ മിനേർവയ്ക്കായി ഇറങ്ങും. എന്നാൽ വിദേശ താരങ്ങളെ ടീമിൽ എടുക്കുമോ ഇല്ലയോ എന്ന് ക്ലബ് വ്യക്തമാക്കിയില്ല. കഴിഞ്ഞ സീസണിൽ ഷില്ലോങ്ങ് ലജോങ്ങ് ഇതുപോലൊ തീരുമാനം എടുത്തിരുന്നു. ഇന്ത്യൻ താരങ്ങളെ മാത്രം ടീമിൽ അണിനിരത്താൻ ആയിരുന്നു ലജോങ്ങിന്റെ തീരുമാനം. എന്നാൽ ആ തീരുമാനം തിരിച്ചടിയാവുകയും ലജോങ്ങ് ഐലീഗിൽ നിന്ന് റിലഗേറ്റ് ചെയ്യപ്പെടുകയും ചെയ്തു.
കഴിഞ്ഞ സീസണിൽ വളരെ ദയനീയ പ്രകടനം കാഴ്ചവെച്ച മിനേർവ പഞ്ചാബിന് ഈ പുതിയ തീരുമാനം കൂടുതൽ തിരിച്ചടികൾ നൽകുമോ എന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ ഭയം.