ഐ ലീഗ് ആറ് ആഴ്ച കാലത്തേക്ക് നിർത്തിവെച്ചതായി ലീഗ് കമ്മിറ്റി അറിയിച്ചു. കൊറോണ വ്യാപനമാണ് കാരണം. ഇന്ന് നടന്ന മീറ്റിംഗിന് ഒടുവിലാണ് ലീഗ് ഫെബ്രുവരി അവസാനം വരെ നിർത്തി വെക്കാൻ തീരുമാനമായത്. ഐ ലീഗ് ക്ലബുകൾക്ക് ഇടയിൽ കൊറോണ വ്യാപിച്ചതോടെ ഐ ലീഗ് ജനുവരി 6വരെ നിർത്തിവെക്കാൻ നേരത്തെ തീരുമാനം ആയിരുന്നു. പുതിയ ടെസ്റ്റ് ഫലം വന്നപ്പോൾ ഐ ലീഗ് ബയോ ബബിളിൽ ഉള്ള 50ൽ അധികം താരങ്ങൾക്ക് കൊറോണ ആണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൊറോണ ഇങ്ങനെ വ്യാപിച്ച സാഹചര്യത്തിൽ ലീഗ് പുനരാരംഭിക്കാൻ ഇപ്പോൾ ആകില്ല. ഇനിയും നാൽ ആഴ്ച കഴിഞ്ഞാകും ലീഗ് പുനരാരംഭിക്കാൻ ആകുമോ എന്ന് ചർച്ച ചെയ്യുക.
ജനുവരി അഞ്ചിന് നടത്തുന്ന ടെസ്റ്റ് നെഗറ്റീവ് ആകുന്ന താരങ്ങൾക്കും ടീമുകൾക്കും അവരുടെ നാട്ടിലേക്ക് മടങ്ങി പോകാം എന്നും ലീഗ് കമ്മിറ്റി അറിയിച്ചു. റിയൽ കാശ്മീർ, ശ്രീനിധി ഡെക്കാൻ, മൊഹമ്മദൻസ് എന്നീ ടീമുകളുടെ ക്യാമ്പിലായിരുന്നു ആദ്യം കൊറോണ പോസിറ്റീവ് കേസുകൾ കണ്ടെത്തിയത്. ബയോ ബബിളിൽ ആയിട്ടും കൊറോണ വന്നത് ലീഗ് അധികൃതരിൽ വലിയ ആശങ്ക ഉണ്ടാക്കി. ക്ലബുകൾ താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാർ വഴിയാണ് കൊറോണ വന്നത് എന്നാണ് നിഗമനം. കഴിഞ്ഞ ആഴ്ച ആയിരുന്നു ഐ ലീഗ് ആരംഭിച്ചത്.