ഐലീഗിന്റെ പുതിയ സീസൺ കൊൽക്കത്തയിൽ ഇന്ന് ആരംഭിക്കും. കല്യാണി സ്റ്റേഡിയത്തിൽ 2021/22 ഹീറോ ഐ-ലീഗിന്റെ ഉദ്ഘാടന ദിനത്തിൽ ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സി നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌സിയെ നേരിടും. കഴിഞ്ഞ സീസണിൽ നേരിയ വ്യത്യാസത്തിൽ ചർച്ചിലിനെ മറികടന്നായിരുന്നു ഗോകുലം തങ്ങളുടെ ആദ്യ ഐ-ലീഗ് കിരീടം നേടിയത്. ഇത്തവണയും കിരീടത്തിന് ഫേവറിറ്റുകൾ ആണ് ഈ രണ്ടു ടീമുകളും.
ഹെഡ് കോച്ച് പെട്രെ ഗിഗിയുവിന് കീഴിൽ ആണ് ചർച്ചിൽ ഇത്തവണ ഇറങ്ങുന്നത്. 2018/19 സീസണിൽ ചർച്ചിലിനെ നാലാം സ്ഥാനത്തേക്ക് എത്തിക്കാൻ ഗിഗിയുവിന് ആയിരുന്നു. പരിശീലകന്റെ തിരിച്ചുവരവ് ചർച്ചിൽ ബ്രദേഴ്സിന് പ്രതീക്ഷ നൽകുന്നുണ്ട്.
ഇറ്റാലിയൻ പരിശീലകൻ വിൻസെൻസോ ആൽബെർട്ടോ ആനീസ് നയിക്കുന്ന ഗോകുലത്തിന് കിരീടം നേടിയ ടീമിൽ നിന്ന് ഒരുപാട് താരങ്ങളെ നഷ്ടമായിട്ടുണ്ട്. എങ്കിലും മികച്ച സ്ക്വാഡുമായിട്ടാണ് ഗോകുലം എത്തുന്നത്. നീളമുള്ള പ്രീസീസണും ഗോകുലത്തിന് ഗുണം ചെയ്തേക്കും. അമീനൗ ബൗബ, റഹീം ഒസുമാനു എന്നീ പുതിയ വിദേശ താരങ്ങളുടെ പ്രകടനം ഗോകുലത്തിന് ഈ സീസണിൽ നിർണായകമാകും. ഇന്ന് വൈകിട്ട് 4.30നാണ് ഗോകുലത്തിന്റെ മത്സരം.
ഈ മത്സരം കൂടാതെ 2.30ന് ഇന്ത്യൻ ആരോസും ട്രാവുവും തമ്മിലും, വൈകിട്ട് 7.30ന് രാജസ്താൻ യുണൈറ്റഡും പഞ്ചാബ് എഫ് സിയും തമ്മിലും ഏറ്റുമുട്ടും.