ചർച്ചിൽ ബ്രദേഴ്സിന്റെ വിജയ കുതിപ്പ് അവസാനിപ്പിച്ച് കേരളത്തിന്റെ ഗോകുലം!!

Save 20210310 203707

ഐ ലീഗിൽ അപരാജിത കുതിപ്പ് നടത്തുക ആയിരുന്ന ചർച്ചിൽ ബ്രദേഴ്സിനെ തകർത്തെറിഞ്ഞ് ഗോകുലം കേരള. ഇന്ന് ഐ ലീഗ് കിരീട പോരാട്ടത്തിൽ ഏറെ നിർണായകമായേക്കുന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഗോകുലം കേരള വിജയിച്ചത്. നേരത്തെ ചർച്ചിലിനെ നേരിട്ടപ്പോൾ ഏറ്റ പരാജയത്തിന്റെ രോഷം തീർക്കുന്ന രീതിയിലായിരുന്നു ഗോകുലം കേരള ഇന്ന് കളിച്ചത്. മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ലീഡ് എടുക്കാൻ ഗോകുലം കേരളക്ക് ആയി.

നാലാം മിനുട്ടിൽ ആന്റ്വിയുടെ ഒരു ക്രോസിൽ നിന്ന് സെൽഫ് ഗോളിലൂടെ ആയിരുന്നു ഗോകുലത്തിന്റെ ആദ്യ ഗോൾ. ഈ ഗോൾ ഉൾപ്പെടെ ഗോകുലം നേടിയ മൂന്ന് ഗോളിലും ആന്റ്വിക്ക് പങ്കുണ്ടായിരുന്നു. രണ്ടാം പകുതിയിലാണ് ഗോകുലം കേരള രണ്ടാം ഗോൾ നേടുന്നത്. 56ആം മിനുട്ടിൽ റൊണാൾഡിനെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി ഗോളിക്ക് ഒരു ചാൻസും കൊടുക്കാത്ത കിക്കിലൂടെ ആന്റ്വി വലയിൽ എത്തിച്ചു. 62ആം മിനുട്ടിൽ ആന്റ്വി വീണ്ടും വല കുലുക്കി. ഇത്തവണ മികച്ച സ്കില്ലിലൂടെ ഡിഫൻഡേഴ്സിനെ കബളിപ്പിച്ചായിരുന്നു ആന്റ്വിയുടെ ഷോട്ട്.

ഈ വിജയത്തോടെ ഗോകുലം കേരള ലീഗിൽ 22 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. ഒന്നാമതുള്ള ചർച്ചിൽ ബ്രദേഴ്സുമായി മൂന്ന് പോയിന്റിന്റെ വ്യത്യാസം മാത്രമേ ഇപ്പോൾ ഉള്ളൂ. ഇനി ലീഗിൽ മൂന്ന് മത്സരങ്ങൾ ആണ് അവശേഷിക്കുന്നത്. ഇപ്പോഴും ഗോകുലം കേരളക്ക് കിരീട പ്രതീക്ഷയുണ്ട്.

Previous articleഅത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് ചെൽസി വനിതകൾ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ
Next articleറൊണാൾഡോ യുവന്റസിനെ വഞ്ചിച്ചു എന്ന് ഡെൽ പിയേറോ