ഐ ലീഗിൽ ബാക്കിയുള്ള 28 മത്സരങ്ങൾ ഉപേക്ഷിക്കാൻ നാളെ ചർച്ച

- Advertisement -

കൊറോണ നാടിനെയാകെ വലയ്ക്കുന്ന സാഹചര്യത്തിൽ ഇന്നലെ പ്രധാനമന്ത്രി ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയിരുന്നു‌. ഈ സാഹചര്യത്തിൽ ഐലീഗ് സീസൺ പൂർണ്ണമായു ഉപേക്ഷിച്ചേക്കാനും റിലഗേഷൻ ഒഴിവാക്കാനും എ ഐ എഫ് എഫ് നാളെ തീരുമാനം എടുത്തേക്കും. നാളെ ലീഗ് കമ്മിറ്റ് വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തുന്നുണ്ട്. ഇതിനു ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

ഇതിനകം തന്നെ മോഹൻ ബഗാൻ കിരീടം നേടിയിട്ടുണ്ട് എന്നതിനാൽ ഇനി ലീഗ് തുടരേണ്ടതില്ല എന്നാണ് എ ഐ എഫ് എഫിന്റെ വാസം. റിലഗേഷൻ പോരാട്ടം മാത്രമെ ലീഗിൽ ബാക്കിയുള്ളത് എന്നതിനാൽ ഇത്തവണ റിലഗേഷൻ വേണ്ടെന്നു വെച്ചു കൊണ്ട് ലീഗ് ഉപേക്ഷിക്കാൻ ആണ് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആലോചിക്കുന്നത്. ഐസാൾ ആണ് ഇപ്പോൾ റിലഗേഷൻ ഭീഷണിയിൽ ഉള്ള ടീം. അവരെ ലീഗിൽ നിലനിർത്തി കൊണ്ടാകും നടപടി.

ഒപ്പം ലീഗിലെ ഒരോ സ്ഥാനക്കാർക്കും വീതിച്ചു കൊടുക്കേണ്ട തുകയിലും ചർച്ചയുണ്ടാകും. ഒന്നാം സ്ഥാനം മാത്രമെ ലീഗിൽ തീരുമാനമായിട്ടുള്ളൂ. ബാക്കി ഒക്കെ ഇപ്പോഴും ഒപ്പത്തിനൊപ്പം നിൽക്കുന്ന രീതിയിലാണുള്ളത്. ലീഗിൽ ആകെ ഇനി 28 മത്സരങ്ങൾ ആണ് നടക്കാൻ ബാക്കിയുള്ളത്.സെക്കൻഡ് ഡിവിഷൻ ഐ ലീഗ്, യൂത്ത് ലീഗ് എന്നിവയൊക്കെ ഉപേക്ഷിക്കാനും എ ഐ എഫ് എഫ് ആലോചിക്കുന്നുണ്ട്.

Advertisement