ഐലീഗ് സീസണ് ഇന്ന് കോയമ്പത്തൂരിൽ തുടക്കമാകും. ആതിഥേയരായ ചെന്നൈ സിറ്റി യുവ നിരയായ ഇന്ത്യൻ ആരോസുമായാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. കഴിഞ്ഞ വർഷത്തേതിൽ നിന്ന് ടീമുകളുടെ എണ്ണത്തിൽ വർധനയുണ്ട് ഇത്തവണ ഐലീഗിന്. പതിനൊന്നു ടീമുകളാണ് ഈ സീസണിൽ ദേശീയ ലീഗ് കിരീടത്തിനായി ഇറങ്ങുന്നത്. റിയൽ കാശ്മീർ ആണ് ഇത്തവണ പുതുതായി ലീഗിൽ എത്തിയത്.
കാശ്മീരിൽ നിന്ന് ദേശീയ ലീഗ് കളിക്കുന്ന ആദ്യ ക്ലബായിരിക്കും റിയൽ കാശ്മീർ. സെക്കൻഡ് ഡിവിഷൻ ഐ ലീഗ് ജയിച്ച് ആണ് ഐലീഗിലേക്ക് റിയൽ കാശ്മീർ പ്രൊമോഷൻ വാങ്ങിയത്. ചർച്ചിൽ ബ്രദേഴ്സിനെ റിലഗേറ്റ് ചെയ്യേണ്ടതില്ല എന്നു കൂടെ തീരുമാനിച്ചതാണ് ലീഗിലെ ടീമുകളുടെ എണ്ണം വർധിക്കാനുള്ള കാരണം. കേരളത്തെ പ്രതിനിധീകരിച്ച് ഗോകുലം കേരള എഫ് സിയാണ് ഇത്തവണയും ദേശീയ ലീഗിന് ഇറങ്ങുന്നത്.
ദേശീയ ലീഗ് കിരീടം കേരളത്തിൽ എത്തിക്കുന്ന ആദ്യ ക്ലബായി മാറാം എന്നുള്ള പ്രതീക്ഷയിലാണ് ഗോകുലം കേരള എഫ് സി ഇത്തവണ ലീഗിന് ഇറങ്ങുന്നത്. കൊൽക്കത്തൻ ശക്തികളായ ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ, നിലവിലെ ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ് തുടങ്ങിയ പ്രമുഖരെല്ലാം ഈ സീസണായി ടീം മെച്ചപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് 5 മണിക്കാണ് ചെന്നൈ സിറ്റി ഇന്ത്യൻ ആരോസ് മത്സരം നടക്കുക. കളി തത്സമയം സ്റ്റാർ സ്പോർട്സിൽ ഉണ്ടാകും. വിദേശത്ത് പ്രീ സീസൺ കഴിഞ്ഞെത്തിയ ഇന്ത്യൻ ആരോസ് ഇത്തവണ കഴിഞ്ഞ സീസണേക്കാൾ മികച്ച പ്രകടനമാണ് ഉന്നം വെക്കുന്നത്. ഫ്ലോയിഡ് പിന്റോ ആണ് ആരോസിനെ നയിക്കുന്നത്. മറുവശത്ത് ചെന്നൈ സിറ്റിയും പുതിയ പരിശീലകന്റെ കീഴിലാണ്. സിംഗപ്പൂർ പരിശീലകനായ അക്ബർ നവാസാണ് ഇത്തവണ ചെന്നൈ സിറ്റിയെ പരിശീലിപ്പിക്കുന്നത്.