ഐലീഗിലെ ഈ സീസണിലെ ആദ്യ വിജയം തേടി കേരളത്തിന്റെ ഏക ഐലീഗ് ക്ലബായ ഗോകുലം കേരള എഫ് സി ഇന്ന് വീണ്ടും സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുന്നു. ഇന്ന് വൈകിട്ട് നടക്കുന്ന പോരിൽ ചെന്നൈ സിറ്റിയാണ് ഗോകുലത്തിന്റെ എതിരാളികൾ. മികച്ച വിദേശ താരങ്ങളെ എത്തിച്ച് ടീമിന്റെ ശക്തി കൂട്ടിയിട്ടുള്ള ചെന്നൈ സിറ്റി അത്ര ചെറിയ എതിരാളികൾ ആയിരിക്കില്ല. എങ്കിലും മൂന്ന് പോയന്റ് ഇന്ന് നേടാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ എന്ന് ഗോകുലം പരിശീലകൻ ബിനോ ജോർജ്ജ് പറഞ്ഞു.
ഐലീഗിലെ കരുത്തരായ രണ്ട് ടീമുകൾക്കെതിരെ മികച്ച പ്രകടനം നടത്തിയിട്ടും ജയിക്കാൻ കഴിഞ്ഞില്ല എന്നതാണ് ഗോകുകത്തിന് ഇപ്പോ ആകെയുള്ള നിരാശ. മോഹൻ ബഗാനെതിരെയും നെറോകയ്ക്ക് എതിരെയും തിളങ്ങുന്ന പ്രകടനം നടത്തിയത് ഗോകുലം തന്നെ ആയിരുന്നു. ഇന്ന് അറ്റാക്കിംഗിൽ പുതിയിരു വിദേശ താരം കൂടെ ഗോകുലത്തിനൊപ്പം ഉണ്ടാകും. ഐവറി കോസ്റ്റുകാരനായ ആർതർ ഇന്ന് ഗോകുലത്തിനായി അരങ്ങേറ്റം നടത്തിയേക്കും.
അന്റോണിയോ ജർമ്മന്റെ ഫോം മാത്രമാണ് ഗോകുലത്തിന് ഇപ്പോൾ തലവേദനയായുള്ളത്. ജർമ്മൻ പൂർണ്ണ ഫിറ്റ്നസിലേക്ക് വരികയാണെന്നും ഫിറ്റ്നെസ് വീണ്ടെടുത്താൽ ജർമ്മന്റെ മികവ് കാണാൻ ആകുമെന്നും ബിനോ ജോർജ്ജ് പറഞ്ഞു. മറുവശത്ത് ചെന്നൈ സീസണിൽ ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളിലും തകർപ്പൻ കളി തന്നെയാണ് കാഴ്ചവെച്ചത്. കഴിഞ്ഞ സീസണിൽ കളിച്ച ചെന്നൈ സിറ്റിയെയേ അല്ല ആദ്യ രണ്ടു മത്സരങ്ങളിൽ കാണാൻ കഴിഞ്ഞത്. രണ്ട് മത്സരങ്ങളിൽ നിന്നായി ആറു ഗോളുകൾ സ്കോർ ചെയ്ത ചെന്നൈ 4 പോയന്റും ലീഗിൽ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.
ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം നടക്കുക. വൻ കാണികളെ തന്നെ ഇന്നും ഇ എം എസ് സ്റ്റേഡിയത്തിൽ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.