ഐ ലീഗ് കിരീട പ്രതീക്ഷയുമായി ഇറങ്ങിയ ഗോകുലം കേരള ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ഗോൾ പിറകിൽ നിൽക്കുകയാണ്. ലീഗിലെ അവസാന മത്സരത്തിൽ ട്രാവുവിനെ നേരിടുന്ന ഗോകുലത്തിന് വിജയിച്ചാൽ മാത്രമേ കിരീടം ഉറപ്പാവുകയുള്ളൂ. നന്നായി ആദ്യ പകുതിയിൽ കളിച്ചു എങ്കിലും ട്രാവുവിന്റെ മികച്ച ഡിഫൻസിനെ ഭേദിക്കുക പ്രയാസകരമായി തുടരുകയാണ്.
ഫൈനൽ തേർഡിൽ കാര്യമായി നല്ല പാസുകൾ നടത്താൻ ഗോകുലത്തിനായില്ല. എന്നാൽ തങ്ങളുടേ ആദ്യ അറ്റാക്കിൽ തന്നെ ഗോൾ കണ്ടെത്താൻ ട്രാവുവിനായി. 23ആം മിനുട്ടിൽ ബിദ്യാസാഗർ ആണ് ട്രാവുവിനെ മുന്നിലെത്തിച്ചത്. പെനാൾട്ടി ബോക്സിന് തൊട്ടു വെളിയിൽ നിന്ന് ഒരു നല്ല പ്ലേസി ഷോട്ടിലൂടെ ബിദ്യാസാഗർ ഗോകുലം കേരള കീപ്പർ ഉബൈദിനെ മറികടന്നു. ബിദ്യാസാഗറിന്റെ സീസണിലെ 12ആം ഗോളായിരുന്നു ഇത്. ഇതിനു ശേഷം കളിയിലേക്ക് തിരികെ വരാൻ ഗോകുലം കേരള ശ്രമിച്ചു എങ്കിലും ഒരു നല്ല അവസരം വരെ ഗോകുലത്തിന് ലഭിച്ചില്ല.
ഈ മത്സരം ഇങ്ങനെ തുടരുക ആണെങ്കിൽ ട്രാവു കിരീടം നേടും.കിരീട പ്രതീക്ഷയിൽ ഉള്ള മറ്റൊരു ടീമായ ചർച്ചിൽ ബ്രദേഴ്സ് എതിരില്ലാത്ത 3 ഗോളുകൾക്ക് പഞ്ചാബ് എഫ് സിക്ക് എതിരെ മുന്നിട്ട് നിൽക്കുകയാണ്. ഗോകുലം കേരള ട്രാവു മത്സരം സമനിലയിൽ ആവുകയും ചർച്ചിൽ വിജയിക്കുകയും ചെയ്താൽ ചർച്ചിൽ ഐ ലീഗ് കിരീടം നേടും.