കോഴിക്കോടിന് ഒരു ജയം സമ്മാനിക്കാൻ ഉറച്ച് ഗോകുലം ഇന്ന് ഇറങ്ങുന്നു
കോഴിക്കോടിന്റെ ഫുട്ബോൾ ഗ്യാലറിക്ക് ഈ സീസണിലെ ആദ്യ ജയം സമ്മാനിക്കാൻ ആകുമെന്ന പ്രതീക്ഷയിൽ ഗോകുലം ഇന്ന് വീണ്ടും ഇറങ്ങുന്നു. ഇന്ന് ഐ ലീഗിലെ ഷില്ലോങ് ലജോങ്ങാണ് ഗോകുലത്തിന്റെ എതിരാളികൾ. ഗോകുലത്തിന്റെ മൂന്നാം ഹോം മത്സരമാകും ഇത്. ഹോം മത്സരത്തിൽ എന്നല്ല സീസണിൽ ഇതുവരെ ഗോകുലത്തിന് ജയിക്കാൻ ആയിട്ടില്ല.
ഇന്ന് പ്രധാനപ്പെട്ട രണ്ട് താരങ്ങളില്ലാതെ ആകും ഗോകുലം ഇറങ്ങുക. സസ്പെൻഷനികായ ക്യാപ്റ്റൻ മുഡെ മൂസയും, പനി പിടിപെട്ട യുവതാരം അർജുൻ ജയരാജും ഇന്ന് ടീമിനൊപ്പം ഉണ്ടാവില്ല. അർജുന്റെയും മൂസയുടെയും അഭാവത്തിൽ വൈസ് ക്യാപ്റ്റൻ റാഷിദ് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തിയേക്കും. ഇന്ന് രാജേഷും സുഹൈറും ആദ്യ ഇലവനിൽ ഉണ്ടാകും എന്ന് പരിശീലകൻ ബിനോ ജോർജ്ജ് ഉറപ്പ് പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ കളിയിൽ സബ്ബായി എത്തിയ പുതിയ വിദേശ താരം ആർതർ കൊയാസി ഇന്നും ബെഞ്ചിൽ തന്നെ ആയിരിക്കും. ആർതറിന് ടീമിനൊപ്പം ഇണങ്ങാൻ സമയം ആവശ്യമുള്ളത് കൊണ്ടാണ് ആദ്യ ഇലവനിലേക്ക് താരത്തെ ഇപ്പോഴെ ബിനോ കൊണ്ടുവരാത്തത്. അവസാന മത്സരത്തിൽ ചെന്നൈ സിറ്റിക്കെതിരെ പലപ്പോഴും പതറിയ ഗോകുലം ഡിഫൻസും ഇന്ന് മെച്ചപ്പെടേണ്ടതുണ്ട്.
മറുവശത്ത് ഷില്ലോങ് ലജോങ്ങും നല്ല ഫോമിൽ അല്ല. ഷില്ലോങിന് കളിച്ച 3 മത്സരങ്ങളിൽ രണ്ട് പരാജയം നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് ഷില്ലോങ്ങും വിജയം ലക്ഷ്യം വെച്ച് തന്നെ ആകും ഇറങ്ങുക. ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം നടക്കുക.













