കൊൽക്കത്ത, ജനുവരി 29 : ഐ ലീഗിൽ അഞ്ചാം മത്സരത്തിൽ ഗോകുലം കേരള എഫ് സി റിയൽ കാശ്മീർ എഫ് സിയെ ഇന്ന് രാത്രി ഏഴു മണിക്ക് കല്യാണി സ്റ്റേഡിയത്തിൽ വെച്ച് നേരിടും. മത്സരം വൺ സ്പോർട്സ് ചാനലിൽ തത്സമയസംപ്രേഷണം ഉണ്ടായിരിക്കുന്നതായിരിക്കും.
കഴിഞ്ഞ മത്സരത്തിൽ മണിപ്പൂർ ടീമായ നെറോക്ക എഫ് സിയെ ഒന്നിന് എതിരെ നാല് ഗോളുകൾക്ക് തോല്പിക്കുവാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഗോകുലം റിയൽ കാശ്മീരിനെ നേരിടാൻ ഇറങ്ങുന്നത്.
നാല് മത്സരങ്ങളിൽ നിന്നും ആറു പോയിന്റ് നേടിയ ഗോകുലം, ഇപ്പോൾ ഐ ലീഗിൽ നാലാം സ്ഥാനത്താണുള്ളത്. അഞ്ചു പോയിന്റ് നേടിയ റിയൽ കാശ്മീർ അഞ്ചാമതാണുള്ളത്.
“ഞങ്ങളുടെ അടുത്ത മത്സരം വളരെയേറെ പ്രാധാന്യം ഉള്ളതാണ്. കളിക്കാർ എല്ലാവരും കാശ്മീരിന് എതിരായ മത്സരത്തിനുവേണ്ടി തയാറെടുത്തിട്ടുണ്ട്,” ഗോകുലം ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ് പറഞ്ഞു.
“ഞങ്ങളുടെ ശക്തി ഞങ്ങളുടെ ആക്രമണമാണ്. ഗോളുകൾ വഴങ്ങിയാലും തിരിച്ചു അടിക്കുവാൻ കഴിവുള്ള കളിക്കാരാണ് ഞങ്ങൾക്കുള്ളത്. അതുകൊണ്ടു തന്നെ നല്ല കളി നാളെ കാഴ്ചവെയ്ക്കുവാൻ കഴിയുമെന്നാണ് പ്രതീക്ഷ,” ഗോകുലം പരിശീലകൻ പറഞ്ഞു.
ഘാന താരം ഫിലിപ്പ് അഡ്‌ജ, അഫ്ഘാൻ താരം മുഹമ്മദ് ഷെരീഫ്, മലയാളിയായ ജസ്റ്റിൻ ജോർജ് എന്നിവരാണ് കഴിഞ്ഞ മത്സരത്തിൽ ഗോകുലത്തിനു വേണ്ടി ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുവാൻ ഗോകുലത്തിനു കഴിഞ്ഞിട്ടുണ്ട്.
ഗോകുലത്തിന്റെ എതിരാളികൾ കഴിഞ്ഞ മത്സരത്തിൽ ഐ ലീഗിൽ അദ്യം കളിക്കുന്ന സുദേവ എഫ് സിയുമായി സമനിലയിൽ പിരിഞ്ഞു. “എല്ലാ കളിക്കാരും നല്ല രീതിയിൽ പരിശീലിച്ചിട്ടുണ്ട്. ഞങ്ങൾ അതുകൊണ്ടുതന്നെ വളരെയധികം ആത്മവിശ്വാസം ഉണ്ട്.” ഗോകുലം കേരള എഫ് സി മധ്യനിരക്കാരൻ മായക്കണ്ണൻ പറഞ്ഞു.