ഐ ലീഗ് ആരംഭിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഗോകുലം കേരള ഐ ലീഗിനായുള്ള ബയോബബിളിൽ പ്രവേശിച്ചു. നീണ്ട പ്രീസീസണ് ശേഷമാണ് ഗോകുലം കേരള ഐ ലീഗ് ബയോ ബബിളിൽ എത്തുന്നത്. പ്രീസീസണിൽ ഡ്യൂറണ്ട് കപ്പിലും ഐ എഫ് എ ഷീൽഡിലും ഗോകുലം പങ്കെടുത്തിരുന്നു. ഐ എഫ് എ ഷീൽഡിൽ സെമി ഫൈനൽ വരെ എത്താനും ഗോകുലത്തിനായിരുന്നു.
ഐ ലീഗ് സീസൺ ഡിസംബർ 26ന് ആണ് ആരംഭിക്കുന്നത്. കൊൽക്കത്തയിൽ 26ന് നിലവിലെ ചാമ്പ്യന്മാരായ ഗോകുലം ചർച്ചിൽ ബ്രദേഴ്സിനെ നേരിടും. ഈ സീസണിലെ ഹീറോ ഐ-ലീഗിലെ മത്സരങ്ങൾ മൂന്ന് വേദികളിലായാകും നടക്കുക – കൊൽക്കത്തയിലെ മോഹൻ ബഗാൻ ഗ്രൗണ്ട്, കല്യാണിയിലെ കല്യാണി സ്റ്റേഡിയം, നൈഹാത്തിയിലെ നൈഹാത്തി സ്റ്റേഡിയം എന്നീ ഗ്രൗണ്ടിലാകും മത്സരങ്ങൾ. ഈ സീസണിൽ ഹീറോ ഐ-ലീഗിലെ ടീമുകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്, 13 ടീമുകൾ ലീഗിൽ ഇത്തവണ പങ്കെടുക്കുന്നു. ശ്രീനിധി എഫ് സി, രാജസ്ഥാൻ യുണൈറ്റഡ്, കെങ്ക്രെ എഫ് സി എന്നിവർക്ക് ഇത് ഐ ലീഗിലെ ആദ്യ സീസണാകും. മുൻ ചാമ്പ്യന്മാരായ ചെന്നൈ സിറ്റി ഇത്തവണ ഐ ലീഗിൽ ഇല്ല.
റഫറിമാർ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ താരങ് എന്നിവരെല്ലാവരും ബയോ ബബിളുകളിൽ നിന്നാകും ലീഗ് നടക്കുക. താരങ്ങൾ മുഴുവനും വാക്സിനേറ്റഡ് ആയിരിക്കും.
കൊറോണ കാരണം ഉണ്ടായ പുതിയ സാഹചര്യം കണക്കിലെടുത്ത് ഇത്തവണയും ഐ ലീഗിലെ മത്സര രീതികൾ മാറും. ലീഗിൽ ഇത്തവണയും രണ്ട് തവണ ഇത്തവണ ടീമുകൾ ഏറ്റുമുട്ടില്ല. പകരം ഒരോ ടീമുകളും ഒരോ തവണ മാത്രമേ പരസ്പരം ഏറ്റുമുട്ടുകയുള്ളൂ. ആദ്യ ആറു സ്ഥാനങ്ങൾ എത്തുന്നവർ ഒരു ഗ്രൂപ്പിലേക്ക് മാറിയും അവസാന സ്ഥാനങ്ങളിൽ എത്തുന്നവർ വേറൊരു ഗ്രൂപ്പിലായും വീണ്ടും ഏറ്റുമുട്ടും. ഈ മത്സരങ്ങൾ കൂടെ കഴിഞ്ഞാകും വിജയിയെ തീരുമാനിക്കുക. കേരള ക്ലബായ ഗോകുലം കേരള ഐ ലീഗ് കിരീടം നിലനിർത്താൻ വേണ്ടിയാകും ഈ സീസണിൽ ഇറങ്ങുക