രണ്ടാം പകുതിയിൽ അലസികളിച്ച ഗോകുലത്തിന് പണികിട്ടി, സ്വന്തം ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ഗോകുലം കേരള എഫ്‌സിയെ ഐലീഗിലെ നവാഗതരായ റിയൽ കശ്മീർ സമനിലയിൽ പിടിച്ചുകെട്ടി. മത്സരത്തിൽ ലീഡ് എടുത്ത ശേഷമാണ് ഗോകുലം സമനില വഴങ്ങിയത്. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. മത്സരത്തില് മികച്ച ആധിപത്യം പുലർത്തിയിട്ടും വിജയം നേടാൻ കഴിയാതെയാണ് സമനില വഴങ്ങിയത്.
ആദ്യ പകുതിയിൽ ഉടനീളം വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഗോകുലം കേരള ലീഡ് നേടിയത്. തുടക്കം മുതൽ മികച്ച ആക്രമണ ഫുട്ബാൾ പുറത്തെടുത്ത ഗോകുലം 11ആം മിനിറ്റിൽ തന്നെ ഗോളിന് തൊട്ടടുത്തെത്തിയിരുന്നു, അർജുന്റെ ഷോട്ട് ബാറിൽ തട്ടി മടങ്ങി. എന്നാൽ അർജുന്റെ പാസിൽ നിന്ന് തന്നെ പ്രീതം 20ആം മിനിറ്റിൽ ഗോൾ കണ്ടെത്തി ഗോകുലത്തെ മുന്നിൽ എത്തിക്കുകയായിരുന്നു. സീസണിലെ പ്രീതത്തിന്റെ ആദ്യ ഗോൾ ആണിത്. ആദ്യ പകുതിയിൽ 1-0 എന്നായിരുന്നു ഗോൾ നില.
ഒരു ഗോൾ ലീഡിൽ രണ്ടാം പകുതിയിൽ കളി തുടങ്ങിയ ഗോകുലം അലസി കളിച്ചതോടെ റിയൽ കശ്മീറിന് മത്സരത്തിലേക്ക് തിരിച് വരാൻ സാഹചര്യം ഒരുങ്ങി. നിരന്തരം ഗോകുലം ഗോൾ മുഖത്ത് എത്തിയ റിയൽ കശ്മീർ 69ആം മിനിറ്റിൽ സുർചന്ദ്ര സിങ് ഒന്നാന്തരം ഒരു ഗോളിലൂടെ സമനില നേടി. തുടർന്ന് ലീഡ് നേടാൻ ഗോകുലം കിണഞ്ഞു പരിശ്രമിച്ചു എങ്കിലും വിജയ ഗോൾ നേടാൻ മാത്രം ഗോകുലത്തിനായില്ല. സമനില വഴങ്ങിയതോടെ പോയിന്റ് പട്ടികയിൽ മുന്നോട്ട് പോവാനുള്ള മികച്ച അവസരമാണ് ഗോകുലം നഷ്ടമാക്കിയത്.