ഗോകുലത്തിന്റെ തകർപ്പൻ തിരിച്ചുവരവ്, ഇഞ്ച്വറി ടൈം ഗോളിൽ ജയം

- Advertisement -

ഗോകുലം എഫ് സിക്ക് തകർപ്പൻ തിരിച്ചുവരവ്. ഇന്ന് കോഴിക്കോട് വെച്ച് നടന്ന മത്സരത്തിൽ കരുത്തരായ ഷില്ലോങ്ങ് ലജോങ്ങിനെയാണ് തകർപ്പൻ തിരിച്ചുവരവിലൂടെ ബിനോ ജോർജ്ജും സംഘവും പരാജയപ്പെടുത്തിയത്. രണ്ട് തവണ പിറകിൽ പോയ ശേഷമായിരുന്നു ഗോകുലത്തിന്റെ ജയം.

തുടക്കത്തിൽ ഡിഫൻസിൽ വന്ന പിഴവ് മുതലാക്കി ഷില്ലോങ് ലജോങ്ങാണ് ലീഡെടുത്തത്. 25ആം മിനുട്ടിൽ കോഫിയിലൂടെ ആണ് ലജോങ് മുന്നിലെത്തിയത്. കളിയുടെ ദിശയ്ക്കെതിരായി ലീഡെടുത്ത ലജോങ്ങിന് ആ ലീഡ് നിലനിർത്താൻ ആയില്ലം 52ആം മിനുട്ടിൽ മികച്ചൊരു ഫ്രീകിക്കിലൂടെ അലാജ്മി ഗോകുലത്തെ ഒപ്പം എത്തിച്ചു. തൊട്ടടുത്ത നിമിഷം തന്നെ തിർച്ചടിച്ച് ലജോങ്ങ് ഗോകുലത്തെ വീണ്ടും തളർത്താൻ നോക്കി.

പക്ഷെ വീര്യം കൂടിയ ഗോകുലം 74ആം മിനുട്ടിൽ കിവിയുടെ തകർപ്പൻ സ്ട്രൈക്കിലൂടെ ഒപ്പം എത്തി. മൂന്നു പോയന്റ് ഉറപ്പായും നേടണമെന്ന ഉദ്ദേശത്തിൽ കളിച്ച ഗോകുലത്തിന് അർഹിച്ച ജയം 90ആം മിനുട്ടിൽ കിട്ടി. മലയാളി യുവതാരം അർജ്ജുൻ ജയരാജാണ് 90ആം മിനുട്ടിൽ ഗോകുലത്തിനായി ഗോൾ നേടിയത്.

ഗോകുലത്തിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. 10 പോയന്റോടെ ഗോകുലം അവസാന സ്ഥനത്തു നിന്ന് 9ആം സ്ഥാനത്തേക്ക് മുന്നേറി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement