2018ൽ പുതിയ തുടക്കം തേടി ഗോകുലം കേരള മിനർവക്കെതിരെ

2018ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഗോകുലം കേരള മിനർവ എഫ്.സിയെ നേരിടും. ഗോകുലത്തിന്റെ സ്വന്തം ഗ്രൗണ്ടായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.  പോയിന്റ് പട്ടികയിൽ നാല് പോയിന്റുമായി ഒൻപതാം സ്ഥാനത്തുള്ള ഗോകുലത്തിന് ഇന്ന് മികച്ച ഒരു മത്സരഫലം കിട്ടിയേ തീരു. 13 പോയിന്റുമായി മികച്ച ഫോമിലുള്ള മിനർവ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.

വിദേശ താരങ്ങൾക്കേറ്റ പരിക്കാണ് ഗോകുലത്തിന് തിരിച്ചടിയായത്. ഖാലിദ് സലാഹ് പരിക്കേറ്റ് ടീം വിട്ടു പോയതും കമോ ബായി പരിക്ക് മൂലം ഇന്ന് ഇറങ്ങാത്തതും ഗോകുലത്തിന് തിരിച്ചടിയാവും.  അതെ സമയം സെന്റർ ബാക്കായ ബൽവീന്ദർ സിംഗാണ് ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ടീമിൽ എത്തിയത് ടീമിന് ഗുണം ചെയ്യും. മുൻ ബഗാൻ സ്‌ട്രൈക്കർ ഒഡാഫ ഒക്കോലിയെയും ഗോകുലം സ്വന്തമാക്കിയിരുന്നു. താരം ഇന്ന് ഗോകുലത്തിന് വേണ്ടി ആദ്യ മത്സരം കളിക്കുമെന്നാണ് കരുതപ്പെടുന്നത്.

അതെ സമയം പരാജയമറിയാതെ കുതിച്ചിരുന്ന മിനർവ കഴിഞ്ഞ ദിവസം ഐസ്വാളിനോട് തോറ്റാണ് ഗോകുലത്തെ നേരിടാനിറങ്ങുന്നത്. 2-1 നാണ്  മിനർവ ഐസ്വാളിനോട് തോറ്റത്. ഇന്നത്തെ മത്സരം ജയിച്ചാൽ മിനർവക്ക് ഈസ്റ്റ് ബംഗാളിന് തൊട്ടു പുറകിൽ രണ്ടാം സ്ഥാനത്തെത്താൻ മിനർവക്കാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial