ഐലീഗിൽ കിട്ടിയ മികച്ച തുടക്കവും നല്ല കാലവും ഒക്കെ ഗോകുലം കേരള എഫ് സിയും ആരാധകരും മറന്ന് തുടങ്ങി. അവസാന അഞ്ചു മത്സരങ്ങളാണ് ഒരു ജയം കാണാതെ ഗോകുലം കേരള എഫ് സി കടന്നു പോയത്. അതുകൊണ്ട് തന്നെ ഇന്ന് ഗോകുലത്തിന് ജയം മാത്രമെ ആശ്വാസം നൽകുകയുള്ളൂ. പക്ഷെ ഇന്ന് ഗോകുലത്തിന് നേരിടേണ്ടത് ലീഗിലെ ഒന്നാം സ്ഥാനക്കാരായ ചെന്നൈ സിറ്റിയെ ആണ്. അതും അവരുടെ നാട്ടിൽ ചെന്ന്.
ലീഗിൽ ഒരു പരാജയം മാത്രമാണ് ചെന്നൈ സിറ്റി നേരിട്ടത്. ആ പരാജയം കഴിഞ്ഞ് അവസാന മത്സരത്തിൽ ഇറങ്ങിയ ചെന്നൈ സിറ്റി ആറു ഗോളുകൾ അടിച്ച് ഷില്ലൊങ് ലജോങ്ങിനെ തോല്പ്പിക്കുകയും ചെയ്തിരുന്നു. മാൻസി അടക്കം ചെന്നൈയുടെ വിദേശ താരങ്ങളെല്ലാം ഗംഭീര ഫോമിൽ ആണ് ഉള്ളത്. അതും ഗോകുലത്തിന് ഇന്ന് കടുത്ത വെല്ലുവിളിയാകും.
ലീഗിൽ കോഴിക്കോട് വെച്ച് നടന്ന മത്സരത്തിൽ ചെന്നൈ സിറ്റി ഗോകുലം കേരള എഫ് സിയെ തോൽപ്പിച്ചിരുന്നു. അതിനു പക വീട്ടാൻ കൂടിയാകും ഗോകുലത്തിന്റെ ലക്ഷ്യം. കഴിഞ്ഞ സീസണിലെ കോയമ്പത്തൂരിൽ വെച്ച് ഗോകുലം ചെന്നൈ സിറ്റിയെ തോൽപ്പിച്ചിരുന്നു. ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം നടക്കുക.