ഐലീഗിൽ വീണ്ടും വിജയ വഴിയിലേക്ക് വരാൻ വേണ്ടി ഗോകുലം ഇന്ന് ഇറങ്ങും. ഒഡീഷയിൽ നടക്കുന്ന മത്സരത്തിൽ ലീഗിലെ കുഞ്ഞന്മാരായ ഇന്ത്യൻ യുവനിരയാണ് ഗോകുലം കേരള എഫ് സിയുടെ എതിരാളികൾ. അവസാന മൂന്നു മത്സരങ്ങളിലും ഗോകുലം കേരള എഫ് സി വിജയിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ ലീഗിൽ എട്ടാം സ്ഥാനത്താണ് ഗോകുലം ഉള്ളത്.
ആദ്യ നാലിൽ എങ്കിലും ഉടൻ മടങ്ങി എത്താൻ ആകും ബിനോ ജോർജ്ജിന്റെ ലക്ഷ്യം. ഇന്നത്തെ മത്സരം അടക്കം തുടർച്ചയായി ഏഴു എവേ മത്സരങ്ങളാണ് ഇനി ഗോകുലത്തിന് കളിക്കേണ്ടത്. അതുകൊണ്ട് തന്നെ കാര്യങ്ങൾ ഗോകുലത്തിന് അത്ര അനുകൂലം ആവില്ല. ടീമിൽ ഒരു സ്ട്രൈക്കർ ഇല്ലാത്തതിന്റെ പ്രശ്നങ്ങൾ ഉണ്ടെന്നാണ് ബിനോ ജോർജ്ജ് കഴിഞ്ഞ ദിവസം പറഞ്ഞത്.
അന്റോണിയോ ജർമ്മൻ പോയത് ടീമിന്റെ താളം ചെറുതായി തെറ്റിച്ചിട്ടുണ്ട്. പകരക്കാരനായി എത്തി സണ്ടെ ഇന്നത്തോടെ മികവിലേക്ക് എത്തുമെന്നും അത് മാറ്റമുണ്ടാക്കും എന്നും ബിനോ ജോർജ്ജ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഇന്ന് യുവതാരം ബിജേഷ് ബാലൻ ഗോകുലം കേരള എഫ് സിക്കായി അരങ്ങേറ്റം നടത്തിയേക്കും.
മറുവശത്ത് ഉള്ള ആരോസ് ഈ സീസണിൽ ഒട്ടും ഫോമിൽ അല്ല. ഇതുവരെ ആയിട്ട് ഒരു വിജയം മാത്രമേ അവർക്ക് സ്വന്തമാക്കാൻ ആയിട്ടുള്ളൂ. ഇപ്പോൾ ലീഗിൽ പത്താം സ്ഥാനത്താണ് ആരോസ് ഉള്ളത്. ഇന്ന് വൈകിട്ട് 5 മണിക്കാണ് മത്സരം നടക്കുക.