ഷില്ലോങ്ങ് ലജോങ്ങിന് എതിരെ എവിടെയാണോ നിർത്തിയത് അവിടെ വെച്ച് തന്നെ തുടങ്ങി വിജയം ആവർത്തിക്കാൻ ഇന്ന് ഗോകുലം കേരള എഫ് സി വീണ്ടും ഇറങ്ങുന്നു. കോഴിക്കോട് വെച്ച് നടക്കുന്ന മത്സരത്തിൽ ഐ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ മിനേർവ പഞ്ചാബാണ് ഗോകുലത്തിന്റെ എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ഷില്ലോങ്ങിനെ തോൽപ്പിച്ച് സീസണിലെ ആദ്യ ജയം ഗോകുലം നേടിയിരുന്നു.
മൂസയും അർജുൻ ജയരാജും ഇല്ലാതെ ഇറങ്ങി ആയിരുന്നു ഷില്ലോങ്ങിനെതിരെ ഗോകുലം വിജയം കൊയ്തത്. ലജോങ്ങിനെതിരെ വിജയം തന്ന ആദ്യ ഇലവനെ തന്നെ നിലനിർത്താനാകും ഗോകുലം ഇന്ന് ശ്രമിക്കുക. അറ്റാക്കിംഗ് നിരയുടെയു മികച്ച ഫോമാണ് ഗോകുലത്തിന്റെ പ്രധാന പ്രതീക്ഷ. സൂപ്പർ സ്റ്റാറായ ജർമ്മനും ഫോമിൽ എത്തിയിട്ടുണ്ട്. അവസാന രണ്ടു മത്സരങ്ങളിൽ നിന്നായി രണ്ടു ഗോളുകൾ ജർമ്മൻ നേടി.
യുവതാരം ഗനി ഇന്ന് ആദ്യ ഇലവനിൽ തന്നെ തുടരും. കഴിഞ്ഞ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും ഗനി ഗോകുലത്തിനായി സംഭാവന ചെയ്തിരുന്നു. ഇന്ന് ജയിച്ചാൽ ഈസ്റ്റ് ബംഗാളിനെ മറികടന്ന് ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താൻ ഗോകുലം കേരള എഫ് സിക്ക് ആകും. സസ്പെൻഷൻ കാരണം ഇന്നും മുഡെ മൂസ ഗോകുലം നിരയിൽ ഉണ്ടാകില്ല.
മിനേർവയെ പരാജയപ്പെടുത്തുക അത്ര എളുപ്പം ആയിരിക്കില്ല. കഴിഞ്ഞ മത്സരത്തിൽ ഐസാളിനെ അവരുടെ ഹോം ഗ്രൗണ്ടിൽ തോൽപ്പിച്ചാണ് മിനേർവ വരുന്നത്. മിനേർവയുടെ ലീഗിലെ ആദ്യ ജയമായിരുന്നു അത്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.