ഐ ലീഗിൽ ഗോകുലം കേരളക്ക് വീണ്ടും തോൽവി. ഇത്തവണ ഐസാൾ ആണ് ഗോകുലത്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണു മത്സരത്തിലെ മുഴുവൻ ഗോളുകളും വീണത്. ഒരു വേള 3-0 പിന്നിട്ട് നിന്നതിനു ശേഷമാണ് ഇഞ്ചുറി ടൈമിൽ ഗോകുലം രണ്ടു ഗോൾ തിരിച്ചടിച്ചത്. എന്നാൽ സമനില പിടിക്കാനാവശ്യമായ മൂന്നാമത്തെ ഗോൾ നേടാൻ ഗോകുലത്തിനായില്ല.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ നേടി ഐസാൾ ഗോകുലത്തെ ഞെട്ടിച്ചു. അൻസുമനഹ കോർമയാണ് ഐസാളിന്റെ ഗോൾ നേടിയത്. ഒരു ഗോൾ വഴങ്ങിയതോടെ ഗോകുലം കേരള പരിശീലകൻ ബിനോ ജോർജ് സൺഡേയെയും സബയെയും ഇറക്കിയെങ്കിലും അധികം വൈകാതെ ഐസാൾ വീണ്ടും ഗോൾ നേടി. ഇത്തവണ മാപ്പിയയാണ് ഗോൾ നേടിയത്. തുടർന്നും മത്സരത്തിൽ ആധിപത്യം പുലർത്തിയ ഐസാൾ വീണ്ടും ഗോളടിച്ച് ഗോകുലത്തിന്റെ തകർച്ച ഉറപ്പിച്ചു. ഇത്തവണ റോച്ചർ സെലയാണ് ഗോൾ നേടിയത്.
എന്നാൽ ഇഞ്ചുറി ടൈമിൽ രണ്ടു ഗോൾ തുടരെ തുടരെ നേടി ഗോകുലം ഐസാളിനെ ഞെട്ടിച്ചെങ്കിലും മൂന്നാമത്തെ ഗോൾ നേടാൻ ഗോകുലത്തിനായില്ല. പകരക്കാരനായി ഇറങ്ങിയ സൺഡേയാണ് ഗോകുലത്തിന്റെ രണ്ടു ഗോളുകളും നേടിയത്. ഗോകുലത്തിന്റെ രണ്ടാമത്തെ ഗോൾ പെനാൽറ്റിയിൽ നിന്നാണ് സൺഡേ നേടിയത്.