കോഴിക്കോട് സ്വന്തം കാണികൾക്ക് മുന്നിൽ ഗോകുലത്തിന് ലീഗിലെ ആദ്യ പരാജയം. ഇന്ന് ചെന്നൈ സിറ്റിയെ നേരിട്ട ഗോകുലം അവസാന നിമിഷം വരെ പൊരുതി എങ്കിലും പരാജയം ഒഴിവാക്കാൻ ആയില്ല. അഞ്ചു ഗോളുകൾ പിറന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെന്നൈ സിറ്റി വിജയിച്ചത്. കളിയുടെ മൂന്നാം മിനുട്ടിൽ തന്നെ ഒരു ഗോളിന് മുന്നിൽ എത്തിയ ശേഷമായിരുന്നു ഗോകുലം പരാജയത്തിലേക്ക് ഇന്ന് പോയത്.
മത്സരം തുടങ്ങി മൂന്നാം മിനുട്ടിൽ ഗോകുലത്തിന് പെനാൾട്ടി ലഭിച്ചു. ഗോകുലത്തിന്റെ സ്റ്റാർ സ്ട്രൈക്കറായ അന്റോണിയോ ജർമ്മൻ എടുത്ത പെനാൾട്ടി കിക്ക് ലക്ഷ്യം പിഴക്കാതെ വലയിൽ വീണു. ജർമ്മന്റെ ഗോകുലത്തിനായുള്ള ആദ്യ ഗോളായിരുന്നു ഇത്. പക്ഷെ ഈ ഗോളിനു ശേഷം കളി ചെന്നൈയിന്റെ കയ്യിലായി. സ്പാനിഷ് താരം മാൻസിയുടെ നേതൃത്വത്തിൽ ഒന്നിനു പിറകെ ഒന്നായി ഗോകുലത്തിന്റെ പ്രതിരോധനിരക്കു നേരെ ആക്രമണം വന്നു.
ഷിബിൻ രാജും ഗോൾ പോസ്റ്റും കുറച്ച് നേരം ഗോൾ വീഴാതെ കാത്തു എങ്കിലും അത് അധിക നേരം നീണ്ടില്ല. 22ആം മിനുട്ടിൽ രാജു ചെന്നൈ സിറ്റി അർഹിച്ച സമനില ഗോൾ നേടി. 31ആം മിനുട്ടിൽ മാൻസി ചെന്നൈ സിറ്റിക്ക് ലീഡും നേടിക്കൊടുത്തു. മാൻസിയുടെ ലീഗിലെ നാലാം ഗോളായിരുന്നു ഇത്. 42ആം മിനുട്ടിൽ മാൻസി പരിക്കേറ്റ് പുറത്ത് പോയി എങ്കിലും ചെന്നൈ സിറ്റിയുടെ കരുത്ത് കുറഞ്ഞില്ല..
രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ അനീർ മൊഹിയിദ്ദീൻ മൂന്നാം തവണയും ഗോകുലം പ്രതിരോധം ഭേദിച്ചു. സ്കോർ 3-1
പക്ഷെ ആ ഗോളിന് തൊട്ടടുത്ത നിമിഷം തന്നെ ഗോകുലം മറുപടി കൊടുത്ത്. വി പി സുഹൈറിന്റെ ബോക്സിനു പുറത്ത് നിന്നുള്ള സ്ട്രൈക്ക് തടയാൻ ചെന്നൈ ഡിഫൻസിനോ ഗോളിക്കോ ആയില്ല. പിന്നീടങ്ങോട്ട് രാജേഷ്, സുഹൈർ, ആർതർ എന്നീ മൂന്ന് അറ്റാക്കിങ് താരങ്ങളും സമനില ഗോളിനായി ആഞ്ഞു ശ്രമിച്ചു. മുഡെ മൂസയുടെ സ്ട്രൈക്കിൽ ചെന്നൈ സിറ്റി പോസ്റ്റിൽ വരെ എത്താൻ ഗോകുലത്തിനായി. എന്നാൽ സമനില ഗോൾ പിറന്നില്ല. കളിയുടെ അവസാന നിമിഷം അനാവശ്യ ഫൗളിന് ഗോകുലം കേരള എഫ് സി ക്യാപ്റ്റൻ മൂസ ചുവപ്പ് കണ്ട് പുറത്ത് പോവുകയും ചെയ്തു.
ഇന്നത്തെ ജയത്തോടെ ഏഴു പോയന്റുമായി ചെന്നൈ സിറ്റി ലീഗിൽ ഒന്നാമത് എത്തി. മൂന്ന് മത്സരങ്ങളിൽ നിന്നായി 9 ഗോളുകൾ ചെന്നൈ സിറ്റി അടിച്ചു കൂട്ടി.