മലയാളി താരം ഫസലു റഹ്മാന് ഗോൾ, നെരോക്കയെ തകർത്ത് സീസണിലെ ആദ്യ വിജയം നേടി മൊഹമ്മദൻസ്

തോൽവിയോടെ തുടങ്ങിയ സീസണിൽ ഫോം വീണ്ടെടുത്ത് മുഹമ്മദൻസ്. നെരോക്ക എഫ്സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അവർ ആദ്യ വിജയം സ്വന്തമാക്കി. മർകസ് ജോസഫും മലയാളി താരം ഫസലു റഹ്മാനും ജേതാക്കൾക്കായി വല കുലുക്കിയപ്പോൾ ഡേവിഡ് സിംബോ സെൽഫ്‌ ഗോളും ആതിഥേയർക്ക് തുണയായി. കസിമോവ് ആണ് നെരോക്കയുടെ ആശ്വാസ ഗോൾ നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു വിജയവുമായി മുഹമ്മദൻസ് ഏഴാമതും നെരോക്ക പത്താമതും ആണ് പോയിന്റ് പട്ടികയിൽ.

ഇരു ടീമുകൾക്കും കൃത്യമായ മുൻതൂക്കം ഇല്ലാതെയാണ് മത്സരത്തിന്റെ ആദ്യ മിനിറ്റുകൾ കടന്ന് പോയത്. മികച്ച അവസരങ്ങൾ തുറന്നെടുക്കാനും ഇരു കൂട്ടർക്കും ആയില്ല. മത്സരം പലപ്പോഴും പരുക്കൻ അടവുകളിലേക്കും വഴി മാറി. നാൽപതാം മിനിറ്റിൽ ആണ് ആദ്യ ഗോൾ വീണത്. ലൂയിസ് ബോക്സിലേക്ക് നൽകിയ ക്രോസ് ക്ലിയർ ചെയ്യാനുള്ള നെരോക്ക പ്രതിരോധ താരം ഡേവിഡ് സിംബോയുടെ ശ്രമം സ്വന്തം പോസ്റ്റിലാണ് അവസാനിച്ചത്.

ഫസലു 215556

അമ്പത്തിയെട്ടാം മിനിറ്റിൽ നെരോക്ക സമനില നേടി. ഉസ്ബെക്കിസ്ഥാൻ താരം കസിമോവ് ബോക്സിന് പുറത്തു നിന്നും ഉതിർത്ത മികച്ചൊരു ഷോട്ട് വലയിൽ എത്തുകയായിരുന്നു. എന്നാൽ പന്ത് വരുതിയിൽ നിർത്തി പതിയെ മത്സരം കൈക്കലാക്കാൻ ശ്രമിച്ച മുഹമ്മദൻസ് എൺപതിരണ്ടാം മിനിറ്റിൽ വീണ്ടും ലീഡ് നേടി. മർകസ് ജോസഫിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി താരം തന്നെ വലയിൽ എത്തിച്ചു. മൂന്ന് മിനിറ്റിനു ശേഷം മുഹമ്മദൻസിന്റെ വിജയം ഉറപ്പിച്ച ഗോൾ എത്തി. രണ്ടു നെരോക്ക താരങ്ങളെ മറികടന്ന് ഫസലു റഹ്‌മാൻ നേടിയ ഗോളോടെ നെരോക്ക പൂർണമായും ചിത്രത്തിൽ നിന്നും പുറത്തായി.