ഈ ഐ ലീഗ് സീസണിലെ കിരീടം ഇന്ന് ചെന്നൈയിലേക്ക് വണ്ടി കയറിയേക്കാം. രണ്ട് റൗണ്ടുകൾ മാത്രം ശേഷിക്കെ ഇന്ന് ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ചെന്നൈ സിറ്റി ഇന്ന് ഇറങ്ങുകയാണ്. ഇന്ന് ഒരു ജയം മാത്രം മതിയാകും ചെന്നൈ സിറ്റിക്ക് കിരീടം തങ്ങളുടേതാക്കി മാറ്റാൻ. ഇന്ന് ചർച്ചിൽ ബ്രദേഴ്സാണ് ചെന്നൈ സിറ്റിക്ക് എതിരായി ഇറങ്ങേണ്ടത്.
തുടക്കത്തിൽ ചെന്നൈ സിറ്റിയുടെ ഒപ്പം കിരീട പോരാട്ടത്തിൽ ഉണ്ടായിരുന്ന ടീമായിരുന്നു ചർച്ചിൽ ബ്രദേഴ്സ്. എന്നാൽ ലീഗിന്റെ രണ്ടാം പകുതിയിൽ കാലിടറിയ ചർച്ചിലിന് ഇപ്പോൾ കിരീട പ്രതീക്ഷ ഇല്ല. പക്ഷെ ചെന്നൈ സിറ്റിയുടെ കിരീട പ്രതീക്ഷയ്ക്ക് തടസ്സമുണ്ടാക്കാൻ ചർച്ചിലിന് ആയേക്കും. ഈസ്റ്റ് ബംഗാളിന് മാത്രമാണ് ഇപ്പോൾ ചെന്നൈ സിറ്റിയെ മറികടക്കാനുള്ള സാധ്യത കണക്കിൽ പോലും അവശേഷിക്കുന്നത്. ഇപ്പോൾ 40 പോയന്റുള്ള ചെന്നൈ സിറ്റിക്ക് 2 പോയന്റ് മതിയാകും ഇനി കിരീടം നേടാൻ. രണ്ടാമതുള്ള ഈസ്റ്റ് ബംഗാളിന് 36 പോയന്റാണ് ഇപ്പോൾ ഉള്ളത്.
കഴിഞ്ഞ സീസണിൽ ഐ എസ് എൽ കിരീടം കൊണ്ടു പോയത് തമിഴ്നാട്ടിലെ ടീമായ ചെന്നൈയിൻ ആയിരുന്നു. ഇത്തവണ ഐ ലീഗ് കിരീടവും തമിഴ്നാട്ടിലേക്ക് പോകുന്നു എങ്കിൽ അത് തമിഴ് നാട്ടിലെ ഫുട്ബോളിന് ആകെ വലിയ ഊർജ്ജം നൽകും. ചെന്നൈ സിറ്റിയുടെ ആദ്യ കിരീടമാകും ഇത് എങ്കിലും ഐ ലീഗിന്റെ ഭാവി പ്രതിസന്ധിയിൽ ആയത് കൊണ്ട് കിരീടം നേടിയാൽ പോലും ടീമുകൾ ആശങ്കയിൽ ആയിരിക്കും.
ഇന്ന് വൈകിട്ട് 5 മണിക്ക് ഗോവയിൽ വെച്ചാണ് മത്സരം നടക്കുന്നത്.