ഇന്നത്തെ മത്സരം ആയിരുന്നു ചെന്നൈ സിറ്റിയുടെ കിരീട പോരാട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി കണക്കാക്കിയിരുന്നത്. അതും ചെന്നൈ സിറ്റി മറികടന്നു. ഇന്ന് കോയമ്പത്തൂരിൽ വെച്ച് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെന്നൈ സിറ്റി ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചത്. ഒരു ഗോളിന് തുടക്കത്തിൽ പിറകിൽ പോയ ശേഷമായിരുന്നു ചെന്നൈയുടെ വിജയം.
ഇന്ന് കളിയുടെ 9ആം മിനുട്ടിൽ തന്നെ ഈസ്റ്റ് ബംഗാൾ ലീഡ് എടുത്തിരുന്നു. ഒരു കോർണറിൽ നിന്ന് റാൽട്ടെ ആയുരുന്നു ഗോൾ നേടിയത്. ആ ലീഡ് ആദ്യ പകുതി മുഴുവൻ നിലനിർത്താൻ ഈസ്റ്റ് ബംഗാളിനായി. എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. ആദ്യ 48ആം മിനുട്ടിൽ മാൻസിയിലൂടെ ചെന്നൈ സിറ്റി സമനില നേടി. മാൻസിയുടെ ലീഗിലെ പതിനൊന്നാം ഗോളായിരുന്നു അത്.
അധികം താമസിയാതെ 70ആം മിനുട്ടിൽ റൊമേരോ യേശുരാജിലൂടെ ചെന്നൈ സിറ്റി വിജയഗോളും നേടി. ഈ വിജയം ചെന്നൈ സിറ്റിയെ ഒന്നാം സ്ഥാനത്ത് 5 പോയന്റിന്റെ ലീഡിൽ എത്തിച്ചു. ഈസ്റ്റ് ബംഗാൾ 19 പോയന്റോടെ ആറാമതാണ്. ഇപ്പോഴും ചെന്നൈ സിറ്റിയേക്കാൾ ഒരു മത്സരം കുറവാണ് ഈസ്റ്റ് ബംഗാൾ കളിച്ചത്.