ചെന്നൈ സിറ്റിക്ക് വീണ്ടും സമനില

ഐ ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സിറ്റിക്ക് വീണ്ടും വിജയമില്ല. ഇന്ന് ലീഗിൽ സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ചെന്നൈ സിറ്റി ഐസാളിനോടാണ് സമനില വഴങ്ങിയത്. ഇരു ടീമുകളും ഒരോ ഗോൾ വീതമാണ് നേടിയത്. അവസാന മൂന്ന് മത്സരങ്ങളിലും ചെന്നൈ സിറ്റിക്ക് വിജയിക്കാൻ ആയിട്ടില്ല. ഇന്ന് മത്സരത്തിന്റെ 40ആം മിനുട്ടിൽ കാറ്റ്സുമി യുസ ചെന്നൈ സിറ്റിക്ക് ലീഡ് നൽകിയതായിരുന്നു.

എന്നാൽ രണ്ടാം പകുതിയിൽ മത്സരത്തിന്റെ 56ആം മിനുട്ടിൽ കിട്ടിയ പെനാൾട്ടി ഐസാളിനെ ഒപ്പം എത്തിച്ചു. റൊചെർസാലയാണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. 13 മത്സരങ്ങളിൽ 16 പോയന്റുമായി ചെന്നൈ സിറ്റി ഏഴാമതാണ് നിൽക്കുന്നത്. 15 പോയന്റുള്ള ഐസാൾ ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.