അർജുൻ ജയരാജ്, കാല്പന്തിന്റെ കേരളം കാണേണ്ട പ്രതീക്ഷ

nirmal.khan

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എം വിജയന് ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ഇടം പിടിച്ച വേറെ ഒരു മലയാളി ഉണ്ടോ എന്നുള്ളത് സംശയമാണ്. വിജയന് ശേഷം പിന്നെ മലയാളികളുടെ ഇടയില്‍ നിന്നും ഇന്ത്യ അറിഞ്ഞത് നമ്മുടെ NP പ്രദീപിലൂടെയാണ്. അതെ നമ്മുടെ പ്രദീപ്‌, മലയാളികളുടെ സ്വന്തം നടുപറമ്പില്‍ പാപ്പച്ചന്‍ പ്രദീപ്‌. ഇന്ത്യയുടെ ജെറാര്‍ഡ്‌. ഇന്ത്യയുടെ അറ്റാക്കിംഗ് മദ്ധ്യനിര കുറെ കാലം ഈ തൊടുപുഴക്കാരന്‍റെ കൈയില്‍ ഭദ്രമായിരുന്നു. ഏകദേശം നാലപ്പതി രണ്ടു മത്സരങ്ങളില്‍ നിന്നും ഒന്‍പതോളം ഗോളുകള്‍ നേടി മലയാളികള്‍ക്ക് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച NP പ്രദീപ്‌.

പിന്നെ വന്നത് നമ്മുടെ മുഹമ്മദ്‌ റാഫി ആയിരുന്നു. ഒരു വർഷം ഇന്ത്യയിലെ മികച്ച താരമായി. ഇന്ത്യയിലെ തന്നെ വില പിടിച്ച താരവുമായി. എന്നാലും വിജയനോക്കെ ആയതു പോലെ ആയോ എന്ന് ഒരു സംശയം മാത്രം. പിന്നെ ഇന്ത്യന്‍ ഫുട്ബോളില്‍ ശ്രദ്ധിക്കപെട്ട മലയാളി എന്ന് പറയുന്നത് സി കെ വിനീത് തന്നെയാണ്. ബെംഗളൂരു എഫ് സിയുടെ പടയോട്ടം വിനീതിനെ ഉയരങ്ങളില്‍ എത്തിച്ചു. എന്നാലും വിജയനോക്കെ പിടിച്ചടക്കിയ സിംഹാസനം കൈയെത്തും ദൂരെ തന്നെ നിന്നു. ആസിഫ് സഹീര്‍ എന്ന താരത്തില്‍ ഞാന്‍ എന്ന ഫുട്ബോള്‍ പ്രേമിക്കു ഒരു വിശ്വാസമുണ്ടായിരുന്നു. പക്ഷെ എന്ത് കൊണ്ടോ ഇന്ത്യന്‍ ടീമില്‍ പോലും എത്തിച്ചേരാന്‍ സാധിച്ചില്ല. ശരീര ഘടന അതിനു ഒരു തടസമായോ എന്ന് പോലും പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

എന്നാല്‍ വിജയന് ശേഷം ആ സിംഹാസനത്തിലേക്ക് എത്തും എന്ന് എനിക്ക് പ്രതീക്ഷയുള്ള ഒരു താരമാണ് അര്‍ജുന്‍ ജയരാജ്. മഞ്ചേരി സ്വദേശിയായ ഈ ഇരുപ്പത്തി രണ്ടുക്കാരനില്‍ പ്രതീക്ഷയുണ്ട്. മലയാളികള്‍ക്ക് ഭാവിയില്‍ നെഞ്ചോടു ചേര്‍ത്ത് വെക്കാം എന്ന് തന്നെ വിശ്വസിക്കാം. ബിനോ എന്ന പ്രതിഭാധനനായ പരിശീലകന്‍ പറയുന്നത് പോലെ ഇന്ന് കേരളത്തില്‍ കിട്ടാവുന്നതില്‍ ഏറ്റവും മികച്ച അറ്റാക്കിംഗ് മദ്ധ്യനിരതാരമാണ് അര്‍ജുന്‍. അതില്‍ ഒരു സംശയവുമില്ല. പ്രതിഭയുള്ള ഒരു കളിക്കാരന്‍ തന്നെയാണ് അര്‍ജുന്‍. അതിനുള്ള തെളിവായിരുന്നു ക​ളി തീ​രാ​ൻ നിമിഷങ്ങള്‍ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ലജോങ്ങിനെതിരെ നേടിയ ഗോള്‍. മൂസയില്‍ നിന്നും സ്വീകരിച്ച പന്തുമായി ലജോങ്ങ് താരങ്ങളെ വെട്ടി ഒഴിവാക്കി ഏകദേശം മൂന്നോളം താരങ്ങളെ കാഴ്ചക്കാരാക്കി നിര്‍ത്തി ബോക്ക്സിനു തൊട്ടു മുന്നില്‍ നിന്നും അരിവാള് പോലെ വലതു കാലിനു പോസ്റ്റിന്‍റെ വലതു മൂലയിലേക്ക് നിറയൊഴിച്ചു നേടിയ ഗോള്‍ …അര്‍ജുനനിലെ പ്രതിഭയെയാണ് ആ കാണിക്കുന്നത്.

പന്തിന്‍ മേലുള്ള നിയന്ത്രണം തന്നെയാണ് മറ്റുള്ള കളിക്കാരില്‍ നിന്നും അര്‍ജുനെ വ്യത്യസ്‍തനാക്കുന്നത്. ശരീരം ഉപയോഗിച്ചു എതിര്‍ കളിക്കാരെ സ്ക്രീന്‍ ചെയ്തു നിര്‍ത്തുന്നതിലും മിടുക്കനാണ്. നന്നായി ശരീരം വഴങ്ങുന്നു. ശരിക്കും ഫ്ലെക്ക്സിബിള്‍. ചില സമയത്ത് നൃത്ത ചുവടുകള്‍ തന്നെയാണ് മുന്‍ MSP താരമായിരുന്ന അര്‍ജുന്‍ കാഴ്ച വെക്കുന്നത്. നിലവാരമുള്ള താരം. പന്ത് കളി ഒരു കലയാണ്‌ എന്ന് തെളിയിക്കുന്ന, അത് ആസ്വദിക്കുന്ന ഒരു പ്രതിഭ.

രണ്ടായിരത്തി പന്ത്രണ്ടിലെ സുബ്രതോ കപ്പില്‍ മികച്ച പത്തു താരങ്ങളെ തിരഞ്ഞെടുത്തതില്‍ അതില്‍ ഒന്നാണ് നമ്മുടെ അര്‍ജുന്‍. ജോപോള്‍ ഒരു കമന്ട്രിയില്‍ പറഞ്ഞത് പോലെ ” എപ്പോഴും നമ്മുക്ക് അവസരം കിട്ടണമെന്നില്ല. കിട്ടുന്ന അവസരങ്ങള്‍ പ്രയിജനപെടുത്തുന്നവന്‍ ആരാണോ അതാണ്‌ യഥാര്‍ത്ഥ കളിക്കാരന്‍” സത്യത്തില്‍ ജോയുടെ ഈ മൊഴിമുത്തുകള്‍ പ്രതീക്ഷിച്ചില്ല എങ്കിലും, ഈ വാക്കുകള്‍ ഭാവി താരങ്ങള്‍ക്ക് ശരിക്കും പ്രയോജനപെടും. അത് പോലെ അവസരം പ്രയോജനപെടുത്തിയ ഒരു താരമാണ് അര്‍ജുന്‍.

രണ്ടാം പകുതിലാണ് സാധാരണ അര്‍ജുനെ ബിനോ കളത്തില്‍ ഇറക്കുന്നത്‌. ആ വരവില്‍ തന്നെയാണ് ഇദേഹം ലജോങ്ങിനെതിരെ മികച്ച സമനില ഗോള്‍ നേടിയത്. അതെ കിട്ടുന്ന അവസരങ്ങള്‍ മുതലാക്കി തന്നെ കഠിനാധ്വാനിയായ അര്‍ജുന്‍ മുന്നോട്ടു കുതിക്കുകയാണ്. ഒരു പകരക്കാരന് കളത്തില്‍ എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു. അര്‍ജുന്‍ കളത്തില്‍ വരുമ്പോള്‍ ടീമിന്‍റെ കളിയും മൊത്തത്തില്‍ മാറുന്നത് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഒരു പുത്തന്‍ ഉണര്‍വ്മായിട്ടാണ് ഈ താരം എന്നും കളത്തില്‍ എത്തുന്നത്‌. അത് പോലെ ബിനോയുടെ മുഖത്ത് ചെറു പുഞ്ചിരിയും.

പരിചയ കുറവ് തന്നെയാണ് അര്‍ജുന്‍ എന്ന താരത്തെ കുറച്ചെങ്കിലും പിന്നോട്ട് വലിക്കുന്നത്. ഇപ്പോള്‍ ബിനോ കുറെ കൂടി അവസരങ്ങള്‍ കൊടുക്കുന്നത് കൊണ്ട് അത് പതിയെ മാറി വരുമെന്ന് പ്രതീക്ഷിക്കാം. മാച്ച് ഡിപ്രഷന്‍ ഇപ്പോഴും കളിയില്‍ കാണുന്നുണ്ട്. അതെല്ലാം കളിച്ചു തന്നെ മാറ്റെണ്ടാതാണ്. കൂടുതല്‍ അവസരങ്ങള്‍ കിട്ടിയാല്‍ ഇതെല്ലാം മാറി മലയാളികള്‍ക്ക്, ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് നെഞ്ചോടു ചേര്‍ക്കാന്‍ ഒരു മികച്ച താരത്തെ കാലം സമ്മാനിക്കും. ഓരോ കളി കഴിയുംതോറും അര്‍ജുനനിലെ പ്രതിഭ തേച്ചു മിനുക്കി വരുന്നുണ്ട്. അത് തന്നെ നല്ല ഒരു ലക്ഷണമാണ്. എല്ലാ വിധ ആശംസകളും അര്‍ജുന്‍…..,. ഇനിയുമുണ്ട് നിനക്ക് ഒരു പാട് ദൂരം സഞ്ചരിക്കാന്‍…..

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial